Breaking News

3 പതിറ്റാണ്ടോളം വക്കീൽ ഗുമസ്തനായി ജോലി ചെയ്ത നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്ത് വീട്ടിലെ പി.ഗംഗാധരൻ (52) ഇനി വക്കീൽ.

3 പതിറ്റാണ്ടോളം വക്കീൽ ഗുമസ്തനായി ജോലി ചെയ്ത നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്ത് വീട്ടിലെ പി.ഗംഗാധരൻ (52) ഇനി വക്കീൽ.
ജോലി ചെയ്യുന്നതിനിടെ തന്നെ ബിഎയും തുടർന്ന് എൽഎൽബിയും പഠിച്ചാണ് ഗംഗാധരൻ കഴിഞ്ഞ ദിവസം അഭിഭാഷകനായി എൻറോൾ ചെയ്തത്. എറണാകുളത്തെ കേരള ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചു. നീലേശ്വരം ജിഎൽപി സ്കൂൾ, രാജാസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രീഡിഗ്രിയും പൂർത്തിയാക്കി 1992 ൽ വക്കീൽ ഗുമസ്തനായി. ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകരായിരുന്ന അഡ്വ. എ.മമ്മൂട്ടി, അഡ്വ. കെ.കെ. ജീവാനന്ദ് എന്നിവർക്കൊപ്പം പ്രവർത്തിച്ചു. 2016 ൽ അഡ്വ. ജീവാനന്ദിന്റെ നിര്യാണത്തിന് ശേഷം ഇതേ ഓഫീസിൽ അഡ്വ. എ.അബ്ദുൽ കരീം, അഡ്വ. ടി.വി. അനിൽകുമാർ എന്നിവർക്കൊപ്പം ജോലി ചെയ്തു വരുന്നു.  2019 ൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് ബിഎ മലയാളം പാസായി. 2020 ഡിസംബറിൽ കർണാടക സ്‌റ്റേറ്റ് ലോ യൂണിവേഴ്സിറ്റിക്ക് കീഴിലെ സുള്ള്യ കെവിജി ലോ കോളേജിൽ എൽഎൽബിക്ക് ചേർന്നു. 
ഈ 3 വർഷം മാത്രം ഭാഗികമായി ജോലിയിൽ നിന്നു മാറി നിന്നു. പുലർച്ചെ 5.45 ന് കാഞ്ഞങ്ങാട് നിന്നുള്ള കെഎസ്ആർടിസി ബസിലും സ്വന്തം ബൈക്കിൽ ഇരിയ - കാഞ്ഞിരുക്കം വഴിയുമെല്ലാം ഏറെ കഷ്ടപ്പെട്ടാണ് ദിവസവും കോളേജിൽ എത്തിയത്. മെയ് മാസത്തിൽ എൽഎൽബി എടുത്തു. കഴിഞ്ഞ ദിവസം എൻറോൾ ചെയ്തതോടെ ഗുമസ്തനായി ജോലി ചെയ്ത ഓഫീസിൽ തന്നെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. അഭിഭാഷകരായ അബ്ദുൽ കരീമും അനിൽ കുമാറും പൂർണ പിന്തുണയുമായി കൂടെയുണ്ട്; ഭാര്യ കെ.കെ. ദീപ, മക്കളായ സി.ശ്രീദേവി, സി.ഹരിഗോവിന്ദ്, സഹോദരി പി.പത്മിനി എന്നിവരും.

No comments