കാസറഗോഡ് ജില്ലാ തല നീലക്കുറിഞ്ഞി പ്രശ്‌നോത്തരി
പ്രകൃതി പഠനത്തിന്റെ നേര്‍ അനുഭവങ്ങളുമായി കൗതുകത്തോടെ കാസറഗോഡ് ജില്ലാ തല നീലക്കുറിഞ്ഞി പ്രശ്‌നോത്തരിക്ക് എത്തിയ കുട്ടികള്‍ക്ക് മുന്നില്‍ തുറന്നു വെച്ചത് ജൈവ വൈവിധ്യത്തിന്റെ വേറിട്ട കാഴ്ചകള്‍. ഹരിതകേരളം മിഷന്‍ ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച നീലക്കുറിഞ്ഞി ജില്ലാതല പ്രശ്‌നോത്തരിയാണ് ഉള്ളടക്കത്തിലും അവതരണത്തിലും വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിച്ച് കുട്ടികള്‍ക്ക് കൗതുകമായത്. 70 മാര്‍ക്കിനുള്ള 25 ചോദ്യങ്ങളും 30 മാര്‍ക്കിനുള്ള 5 പ്രവര്‍ത്തനങ്ങളും ഉള്‍പ്പെട്ട പ്രശ്‌നോത്തരിയില്‍ ബങ്കളം കക്കാട്ട് ജിഎച്ച്എസ്എസിലെ സി.ആര്‍ അശ്വഘോഷിനാണ് ഒന്നാം സ്ഥാനം. ടി.വി അഗ്രിമ ജി.എച്ച്.എസ്.എസ് ഉദിനൂര്‍ (രണ്ടാം സ്ഥാനം), എം.അഭിരാജ് ജിവിഎച്ച്എസ്എസ് അമ്പലത്തറ (മൂന്നാം സ്ഥാനം), എസ്. ആദിദേവ് ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ കാഞ്ഞങ്ങാട്
(നാലാം സ്ഥാനം) എന്നിവര്‍ വിജയികളായി.
മെയ് 21 മുതൽ 23 വരെ തീയതികളില്‍ അടിമാലിയില്‍ നടക്കുന്ന നീലക്കുറിഞ്ഞി ജൈവ വൈവിദ്ധ്യ പഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ ഈ വിദ്യാര്‍ത്ഥികള്‍ അര്‍ഹത നേടി. ജിഎഫ് എച്ച്എസ്എസ് ബേക്കലിലെ ബയോളജി അദ്ധ്യാപകനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ എ.കെ ജയപ്രകാശ് ആയിരുന്നു ക്വിസ് മാസ്റ്റര്‍. ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പ്രശസ്ത സിനിമാ നടന്‍ പി.പി കുഞ്ഞികൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന സുരേന്ദ്രന്‍, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍, കൗണ്‍സിലര്‍ മായാവതി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിന്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.വത്സന്‍, കൊടക്കാട് നാരായണന്‍, മധുസൂദനന്‍, വി.പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍ കെ.ബാലചന്ദ്രന്‍ സ്വാഗതവും കെ.കെ രാഘവന്‍ നന്ദിയും പറഞ്ഞു.
No comments