മുസ്ലിംലീഗ് നീലേശ്വരം മുൻസിപ്പൽ സെക്രട്ടറിയെ ഐഎൻഎൽ പ്രവർത്തകർ വീടുകയറി ആക്രമിച്ചു.
മുസ്ലിംലീഗ് നീലേശ്വരം മുൻസിപ്പൽ സെക്രട്ടറി കോട്ടപ്പുറം ഉച്ചൂളിക്കുതിര് പി.കെ. ഹൗസിലെ ഇ.കെ.മജീദിനെ ഐഎൻഎൽ പ്രവർത്തകർ വീടുകയറി ആക്രമിച്ചു.
ഇന്നലെ രാത്രി വൈകിയാണ് സംഭവം. ഇദ്ദേഹത്തിന്റെ വീട്ടുമതിലിൽ പതിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണ പോസ്റ്ററുകൾ കീറുകയും ഫ്ലക്സ് ബോർഡ് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ദിവസങ്ങളായി ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇതിന് പകരമെന്നോണം എൽഡിഎഫ് പ്രചാരണ സാമഗ്രികളും നശിപ്പിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച പ്രശ്നങ്ങൾ നീലേശ്വരം പോലീസ് ഇടപെട്ട് പറഞ്ഞു തീർത്തതുമാണ്. അതിന് ശേഷം ഇദ്ദേഹത്തിന്റെ പറമ്പിൽ വീണ്ടും സ്ഥാപിച്ച ഉണ്ണിത്താന്റെ ഫ്ലക്സ് ബോർഡ് ഇന്നലെ രാത്രി 11 മണിയോടെ എടുത്തു കൊണ്ടുപോയപ്പോൾ സ്ഥലത്ത് മുസ്ലിം ലീഗ് - ഐഎൻഎൽ പ്രവർത്തകർ തമ്മിൽ വീണ്ടും കശപിശയുണ്ടായി. പോലീസ് എത്തി ഇരുവിഭാഗത്തെയും വിരട്ടിയോടിക്കുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് കുടുംബാംഗങ്ങൾക്ക് ഒപ്പം വീട്ടിന്റെ സിറ്റ്ഔട്ടിൽ ഇരിക്കുകയായിരുന്ന തന്നെ ഐഎൻഎൽ പ്രവർത്തകരായ റമീസ്, അംബ്രാസ് എന്നിവരുടെ നേതൃത്വത്തിൽ വീടു കയറി ആക്രമിക്കുകയായിരുന്നുവെന്ന് ഇ.കെ.മജീദ് പറഞ്ഞു. സംഘർഷത്തിനിടെ ഇദ്ദേഹത്തിന്റെ മകൾ അൻസീറയ്ക്ക് വീണ് പരിക്കേറ്റു. മജീദിനെ രാത്രി തന്നെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടപ്പുറം സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പിടിഎ പ്രസിഡന്റുമാണ് ഇ.കെ.മജീദ്.
No comments