Breaking News

ഗ്രൂപ്പ്‌ ബുക്കിങ് സൗകര്യം ഏർപ്പെടുത്തും

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഗ്രൂപ്പ് ബുക്കിംഗ് സംവിധാനം ഏതാനും ദിവസങ്ങൾക്കുള്ളിൽ നിലവിൽ വരും. നീലേശ്വരത്തെയും സമീപ പഞ്ചായത്തുകളിലെയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഔദ്യോഗിക യാത്രകൾ,യോഗങ്ങൾ വിവാഹം ഉൾപ്പെടെയുള്ള സ്വകാര്യ ചടങ്ങുകൾ, എന്നീ ആവശ്യങ്ങൾക്ക് കൂട്ടമായി യാത്ര ചെയ്യുന്നവർക്ക് ഒരുമിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഗ്രൂപ്പ് ബുക്കിംഗ്. ഇന്ന് രാവിലെ നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച പാലക്കാട് ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദിയാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് ആയിരിക്കും ഗ്രൂപ്പ് ബുക്കിംഗ്. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഡിവിഷണൽ മാനേജറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് നീലേശ്വരത്ത് എത്തിയത്. അമൃത ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, നിലേശ്വരത്തെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഏർപ്പെടുത്തേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എൻ ആർ ഡി സി ഭാരവാഹികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. കിഴക്കുഭാഗത്ത് വാഹന പാർക്കിങ്ങിനു വേണ്ടി നിശ്ചയിക്കപ്പെട്ട സ്ഥലത്തിന്റെ പ്രവൃത്തി റെയിൽവേ ഉടൻതന്നെ ഏറ്റെടുക്കുമെന്നും, രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന പ്രവൃത്തിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. നീലേശ്വരത്തെത്തിയ ഡിവിഷണൽ മാനേജരുടെ നേതൃത്വത്തിലുള്ള സംഘത്തെ എൻ ആർ ഡി സി യുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അഡിഷണൽ ഡിവിഷണൽ മാനേജർ എസ് ജയകൃഷ്ണൻ, അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ ജെ വിജയ് സുന്ദർ, കമേർഷ്യൽ സൂപ്പർവൈസർ സുരേഷ്, എൻ ആർ ഡി സി പ്രസിഡന്റ് വി വി പുരുഷോത്തമൻ, സെക്രട്ടറി എൻ സദാശിവൻ, വൈസ് പ്രസിഡണ്ട് സി എം സുരേഷ് കുമാർ, ട്രഷറർ എം ബാലകൃഷ്ണൻ, പി ടി രാജേഷ്,കെ എം ഗോപാലകൃഷ്ണൻ, പിയു ചന്ദ്രശേഖരൻ കെ ദിനേശൻ, അജിത് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

No comments