തൊഴിൽ മേളയുമായി മടിക്കൈ പഞ്ചായത്ത്
തൊഴിലില്ലാതെ വലയുന്ന അഭ്യസ്ഥ വിദ്യരായ യുവതീ യുവാക്കൾക്ക് ആശ്വാസം പകരാൻ തൊഴിൽ മേളയുമായി മടിക്കൈ പഞ്ചായത്ത്. സംസ്ഥാന തലത്തിലെ 70 മുൻനിര കമ്പനികളെ പങ്കെടുപ്പിച്ച് 25ന് തൊഴിൽ മേള നടത്താനാണ് തീരുമാനമെന്ന് വൈസ് പ്രസിഡന്റ് വി പ്രകാശൻ പറഞ്ഞു. മടിക്കൈ സെക്കൻഡ് ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പകൽ 9 മുതലാണ് മേള നടക്കുക.
സനാതന കോളേജ്, നോളജ് ഇക്കണോമിക് മിഷൻ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. എല്ലാ വിദ്യാഭ്യാസ യോഗ്യതയുമുള്ളവർക്കും തൊഴിൽ ലഭ്യമാക്കാനാണ് ശ്രമം. ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 250 ഓളം പേർ ഇതിനകം സമീപിച്ച് കഴിഞ്ഞു. പഞ്ചായത്ത് പരിധിയിൽ സർക്കാരിന്റെ എന്റെ തൊഴിൽ, എന്റെ അഭിമാനം പദ്ധതിയിൽ മൂവായിരത്തോളം പേർ രജിസ്റ്റർ ചെയ്തിരുന്നു. ഈ അടിസ്ഥാനത്തിൽ ആയിരം പേരെങ്കിലും മേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഓൺലൈനായി രജിസ്ട്രേഷൻ പുരോഗമിക്കുന്നു. സ്പോട്ട് രജിസ്ട്രേഷനുമുണ്ടാകും. വ്യവസായ വകുപ്പുമായി ചേർന്ന് ഇന്റേൺഷിപ്പ് സൗകര്യവുമൊരുക്കും. 18 മുതൽ 50 വയസ് വരെയുള്ളവരെയാണ് ലക്ഷ്യമിടുന്നത്. ഇന്റർവ്യു നടന്നാലുടൻ ഒഴിവുകൾ നോക്കി പോസ്റ്റിങ് ഓർഡർ അടക്കം നൽകും. മടിക്കൈയുടെ പുറത്ത് നിന്ന് ആളുകൾ വന്നാലും അവരെയും തിരിച്ചയക്കില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. സർക്കാർ രജിസ്ട്രേർഡ് ചെയ്ത നിലവാരമുള്ള കമ്പനികളെ മാത്രം പങ്കെടുപ്പിക്കുന്നതിനാൽ യുവാക്കളും ആവേശത്തിലാണ്.
No comments