Breaking News

എം എസ് എം ഇ അവാർഡ് 2023 : ജില്ലയിലെ മികച്ച നഗരസഭ നീലേശ്വരം

 കാസർഗോഡ് ജില്ലയിൽ സംരംഭക വർഷത്തിലെ പ്രവർത്തനത്തിനും സംരംഭ രൂപീകരണത്തിനും സംരംഭ ഇക്കോ സിസ്റ്റം ശാക്തീകരിക്കുന്നതിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച നഗരസഭ ക്കുള്ള എം.എസ്. എം. ഇ അവാർഡ് നീലേശ്വരം നഗരസഭയ്ക്ക് ലഭിച്ചു. സംരംഭക വർഷം 2022-23 പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭങ്ങളുടെ എണ്ണം, സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണം, മൊത്തം നിക്ഷേപം, വ്യവസായ പാർക്കുകൾ, മറ്റു സ്കീമുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കോറിംഗ് മാനദണ്ഡം ഉപയോഗിച്ചാണ് വാണിജ്യ-വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതി മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. 
സംരംഭക വർഷത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭയിൽ 180 സംരംഭങ്ങളാണ് ആരംഭിച്ചത്. നഗരസഭ സംരംഭക സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ 2022- 23 വാർഷിക പദ്ധതി വഴി ആരംഭിച്ച രണ്ട് നൂതന സംരംഭങ്ങളും നഗരസഭയെ അവാർഡിന് അർഹമാക്കി. 12 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച നിയതം അപ്പാരൽസ്, സാന്ത്വനം ഹൗസ് കീപ്പിംഗ് യൂണിറ്റ് എന്നീ സംരംഭങ്ങൾ ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ചവയാണ്. വസ്ത്ര നിർമ്മാണ രംഗത്ത് നീലേശ്വരത്തിന്റെ സ്വന്തം ബ്രാൻഡായി മാറാൻ നിയതം അപ്പരൽസിന് സാധിച്ചു.
സംരംഭക വർഷം 2.0യിലും നഗരസഭ മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ജില്ലയിലെ ആദ്യത്തെയും, രണ്ടാമത്തെയും വനിത മൊബൈൽ റിപ്പയറിങ് യൂണിറ്റുകളായ സിന്ധു പ്രമോദിന്റെ പ്രണവം മൊബൈൽസ്, രജിത കെ വി യുടെ ശ്രീനന്ദ മൊബൈൽ സർവീസ് ആൻഡ് ആക്സസറീസ്, കൊട്ടുമ്പുറം, നീലേശ്വരത്തിന്റെ വെൽഡർ ലേഡി പി എൻ ശോഭയുടെ ക്ലാസ്സിക്‌ ഇൻഡസ്ട്രിസ്,പുത്തരിയടുക്കം എന്നിവ ഇതിനോടകം തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചവയാണ്.

ഫെബ്രുവരി 28 ന് തിരുവനന്തപുരത്തെ ഹോട്ടൽ ഹിൽട്ടൻ ഗാർഡനിൽ വച്ച് നടക്കുന്ന ചടങ്ങിൽ നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ്, തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർ ചേർന്ന് അവാർഡ് വിതരണം നിർവഹിക്കും. പരിപാടിയിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. സമ്മാനത്തുകയായി ലഭിക്കുന്ന ഒരു ലക്ഷം രൂപ നഗരസഭ ചെയർപേഴ്സൺ ടി. വി ശാന്ത ഏറ്റുവാങ്ങും.
നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ്‌ റാഫി, നഗരസഭ സെക്രട്ടറി മനോജ്‌കുമാർ കെ , എന്റർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവുകളായ സ്നേഹ ഗോപൻ, കിരൺ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

No comments