വൈദ്യുതി ബോർഡ് നിലപാടിനെതിരെ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ കരിദിനാചരണം: ജില്ലാതല ഉദ്ഘാടനം നീലേശ്വരത്ത് നടന്നു.
വൈദ്യുതി ബോർഡിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കരിദിനമാചരിച്ചു.
കാസറഗോഡ് ജില്ലയിലെ 28 ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസുകൾക്ക് മുന്നിലും പ്രതിഷേധ ധർണ നടത്തി. ജില്ലാതല ഉദ്ഘാടനം നീലേശ്വരം ഇലക്ട്രിക് സെക്ഷൻ ഓഫിസിനു മുന്നിൽ സിഒഎ സംസ്ഥാന കമ്മിറ്റി അംഗവും കെസിസിഎൽ ഡയറക്ടറും ആയ എം.ലോഹിതാക്ഷൻ നിർവഹിച്ചു. സീനെറ്റ് ചാനൽ ചെയർമാൻ പി.ആർ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വി.രാജീവൻ, പി.മണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. പ്രകടനമായാണ് കേബിൾ ഓപ്പറേറ്റർമാർ ധർണയ്ക്ക് എത്തിയത്. തുടർന്ന് അസിസ്റ്റന്റ് എൻജിനിയർ എസ്. സുരേഷ് കുമാറിന് നിവേദനവും നൽകി. കാസറഗോഡ് സെക്ഷൻ ഓഫിസിന് മുന്നിൽ സിഒഎ ജില്ലാ പ്രസിഡന്റ് ഷുക്കൂർ കോളിക്കര, ഭീമനടിയിൽ ജില്ലാ സെക്രട്ടറി ഹരീഷ്.പി.നായർ, പിലിക്കോട്ട് ട്രഷറർ കെ. പ്രദീപ്കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. അനുബന്ധമായി തുടർസമരം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഒരു വൈദ്യുത തൂണിൽ ഒന്നിൽ അധികം കേബിളുകൾ കടന്നു പോകുന്നതിന് അധിക വാടക ഈടാക്കാൻ കെഎസ്ഇബി നിർദേശം ഒഴിവാക്കുക, കേന്ദ്ര ഗവൺമെന്റ് റൈറ്റ് ഓഫ് വേ പ്രകാരം ഈടാക്കാവുന്ന വാടക 100 രൂപയായി നിജപ്പെടുത്തുക, ചെറുകിട സ്വയം തൊഴിൽ മേഖലയെ ദ്രോഹിക്കുന്ന തീരുമാനങ്ങളിൽ നിന്ന് വൈദ്യുതി ബോർഡ് പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കരിദിനാചരണം.
No comments