Breaking News

എന്റെ ബലം മയ്യഴിയും നാട്ടുകാരും ശതാഭിഷിക്തനായ എം. മുകുന്ദന് മയ്യഴിയുടെ സ്നേഹാദരം

ആയിരം പൂർണചന്ദ്ര ദർശനത്തിന്റെ നിറവിൽ ശതാഭിഷിക്തനായ മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദന് ജന്മനാടിന്റെ സ്നേഹാദരം. മാഹി ഗവ. ഹൗസിന് സമീപത്തെ പുഴയോര നടപ്പാതയിൽ നടന്ന ചടങ്ങിൽ അഡ്വ. ടി. അശോക് കുമാർ എം.എൽ.എ ആദരസമർപ്പണവും ആദരഭാഷണവും നടത്തി. മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ അധ്യക്ഷത വഹിച്ചു.
“എനിക്ക് ഏറ്റവും വലുത് എന്റെ നാടും നാട്ടുകാരുമാണ്. സ്വന്തം നാട് കൂടെ നിന്നില്ലെങ്കിൽ ഒരു എഴുത്തുകാരന് വളരാനാവില്ല. നാടും നാട്ടുകാരുമാണ് എഴുത്തുകാരന്റെ ബലം” — ആദരത്തിന് മറുപടിയായി എം. മുകുന്ദൻ പറഞ്ഞു. ആകാശം തൊടാൻ ശ്രമിച്ചാലും തന്റെ കാലുകൾ മയ്യഴിയുടെ മണ്ണിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനെന്ന നിലയിൽ എത്ര ദൂരം സഞ്ചരിച്ചാലും ഒടുവിൽ തിരിച്ചെത്തേണ്ടത് ഈ മണ്ണിലാണെന്നും, ഡൽഹിയിൽ സ്ഥിരതാമസത്തിനുള്ള സാഹചര്യങ്ങളുണ്ടായിരുന്നിട്ടും ജനിച്ച മണ്ണിൽ തന്നെ ജീവിച്ചുതീർക്കണമെന്ന ആഗ്രഹമാണ് മയ്യഴിയിലേക്ക് തിരിച്ചെത്തിച്ചതെന്നും മുകുന്ദൻ വ്യക്തമാക്കി.
പാർട്ടി രാഷ്ട്രീയത്തിനപ്പുറമുള്ള വിശാലമായ ആശയമാണ് തന്റെ ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു. മാനവികത, നൈതികത, മനുഷ്യസ്നേഹം, ഉയർന്ന മൂല്യങ്ങൾ, ഫെമിനിസം, പരിസ്ഥിതിവാദം തുടങ്ങിയ മൂല്യങ്ങളാണ് തന്റെ ഇടതുപക്ഷത്തിന്റെ അടിത്തറയെന്നും മുകുന്ദൻ പറഞ്ഞു. ജനാധിപത്യത്തിൽ വിയോജിപ്പിനും കലഹത്തിനും ഇടമുണ്ടാകണം. വിയോജിപ്പ് പ്രകടിപ്പിക്കാൻ കഴിയുന്നിടത്താണ് ജനാധിപത്യം അർഥവത്താകുന്നത്. ആ ഇടം ഇല്ലാതാകുമ്പോൾ അത് ഫാസിസത്തിലേക്ക് വഴിമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആൾക്കൂട്ടവും ജനങ്ങളും രണ്ടാണെന്ന് ചൂണ്ടിക്കാട്ടിയ മുകുന്ദൻ, ആൾക്കൂട്ടത്തിൽ നിന്നാണ് ഫാസിസവും ജനങ്ങളിൽ നിന്നാണ് ജനാധിപത്യവും സോഷ്യലിസവും രൂപപ്പെടുന്നതെന്നും പറഞ്ഞു. ജനങ്ങൾ ആൾക്കൂട്ടമായി മാറുന്നതായി തോന്നുന്ന ഘട്ടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകുക എന്നത് എഴുത്തുകാരന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
84-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി എം. മുകുന്ദനും ഭാര്യ ശ്രീജ മുകുന്ദനും ചേർന്ന് കേക്ക് മുറിച്ചു. ഭാര്യ അദ്ദേഹത്തിന് മധുരം നൽകി. മുൻ മന്ത്രി ഇ. വത്സരാജ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, മുൻ എം.എൽ.എ രമേശ് പറമ്പത്ത്, കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ. കെ.പി. ജയരാജൻ, കെ. മോഹനൻ, വടക്കൻ ജനാർദ്ദനൻ, ദിനേശൻ അങ്കവളപ്പിൽ,ആനന്ദ് കുമാർ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു. 
അസീസ് മാഹി സ്വാഗതവും , ശ്രീകുമാർഭാനു നന്ദിയും പറഞ്ഞു.
വിവിധ സംഘടനാ ഭാരവാഹികളും എം. മുകുന്ദന് ആദരവ് സമർപ്പിച്ചു.

No comments