എന്റെ നീലേശ്വരം:ഒരു റോഡ് പിളർത്തിയ ഓർമ്മകൾ ✍️ എം.എം.ജി. കാസർകോട്
*എൻ്റെ നീലേശ്വരം - ഒരു റോഡ് പിളർത്തിയ ഓർമ്മകൾ*
ഞാൻ നീലേശ്വരത്ത് ട്രെയിനിറങ്ങി നടക്കുമ്പോൾ ആദ്യം കേൾക്കുന്നത് ചക്രങ്ങളുടെ ശബ്ദമല്ല.
അത് ഈ നാടിൻ്റെ ശ്വാസമാണ്.
രാജാറോഡിൻ്റെ പ്രൗഢി എന്നെ നോക്കി ചിരിക്കും. ഇരുവശത്തും ആളുകളുടെ തിരക്ക്. സ്കൂളിലേക്ക് ഓടുന്ന കുട്ടികളുടെ ചെരുപ്പ് ശബ്ദം, രാജാസ് സ്കൂളിൻ്റെ ഗ്രൗണ്ടിൽ നിന്ന് പന്ത് തട്ടുന്ന ശബ്ദം.
_ബസ്റ്റാൻ്റിൽ നിന്ന് കണ്ടക്ടറുടെ വിളി കേൾക്കും_ - "കാസർകോട്, കാഞ്ഞങ്ങാട്". ആ വിളി കേൾക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. ബസ്റ്റാൻ്റിൽ ചായ കുടിക്കുന്ന സുഹൃത്തുക്കൾ, "എടാ എത്ര നാളായി" എന്ന് ചോദിക്കുന്ന പരിചയമുള്ള മുഖങ്ങൾ.
തെരുവോരത്തെ കടകൾക്കും ഒരു കഥയുണ്ടായിരുന്നു. പത്രക്കടയിലെ മാമൻ, ചെരുപ്പ് തുന്ന കുഞ്ഞൻ, ജൂസ്കടയിലെ മധുരം.
അവിടുന്ന് നടന്നാൽ രാജകൊട്ടാരങ്ങൾ, _തളിയിൽ ക്ഷേത്രങ്ങളിലെ പൂജയുടെ മണിനാദം_. ആ മണി കേൾക്കുമ്പോൾ സമയം 8 ആയെന്ന് അറിയാം.
പിന്നെ _കാനറാ ബാങ്കിൻ്റെ മുന്നിലെ തിരക്ക്, കോർണറിലെ cafe യിലെ ചായയുടെ മണവും ഗോളി ബജയുടെ മണവും_, LP സ്കൂളിൽ നിന്ന് ഉയരുന്ന കുട്ടികളുടെ പാട്ട്.
വില്ലേജ് ഓഫീസും മുനിസിപ്പാലിറ്റിയും കടന്ന് _ചന്തയിലെത്തുമ്പോൾ മീൻ്റെയും പച്ചക്കറിയുടെയും മണം_ മൂക്കിലേക്ക് വരും. തൊട്ടടുത്തുള്ള ബദരിയ ഹോട്ടൽ അങ്ങനെത്തന്നെയുണ്ട്. ബദരിയ മമ്മദ് ഹാജി പറയും "എടാ ചുട് പത്തലും മുട്ടക്കറിയും കഴിക്ക്, നീരാവിലേ കാസറഗോഡ് ന്നേ വരുന്നതല്ലേ".
പൊതുമാർക്കറ്റിലെ ബഹളം കടന്ന് _ഹൈവേയുടെ അടുത്തുള്ള മൽസ്യ മാർക്കറ്റിൽ_ എത്തും. രാവിലെ 6 മണിക്ക് തന്നെ ആ മാർക്കറ്റിൽ ജീവനാണ്. ഐസിൻ്റെ തണുപ്പും മീൻ്റെ മണവും ചേർന്ന ഒരു പ്രത്യേക മണം.
_അവിടെ തന്നെ വാഹനം കച്ചവടം ചെയ്യുന്ന തമ്പാനേട്ടൻ്റെ ബ്രോക്കറുടെ വിളിയും കേൾക്കാം_ - "ആരാ ബൈക്ക് നോക്കണേ, വണ്ടി ഫ്രഷ് ആണ്". അദ്ദേഹത്തിൻ്റെ ചിരിയും ഉറക്കെയുള്ള സംസാരവും ഹൈവേയുടെ ഭാഗമായിരുന്നു.
ഹൈവേയിൽ കയറിയാൽ ഇരുവശത്തും ജീവൻ. AUP സ്കൂളിൻ്റെ ഗേറ്റും, അതിന് തൊട്ടടുത്ത എൻ്റെ ഓഫീസും. ദിവസവും ഞാൻ കയറി ഇറങ്ങിയ പടികൾ.
വർഷങ്ങൾ പറന്നു പോയി.
പിന്നെ ഒരു ദിവസം റോഡ് നടുവേ പിളർന്നു. "വികസനം" എന്ന പേരിൽ.
എല്ലാ കടകളും പൊളിച്ചു. മാമൻ്റെ പത്രക്കട ഇല്ല. ചായക്കട ഇല്ല. കുഞ്ഞൻ്റെ ചെരുപ്പ് കടയും പോയി.
_ഹൈവേയുടെ മൽസ്യ മാർക്കറ്റും ഇല്ല. തമ്പാ നേട്ടൻ്റെ കടയും അവിടെ തൊട്ടടുത്തു ഉണ്ടെങ്കിലും പെട്ടെന്ന് ആരും കാണില്ല._
പരിചയമുള്ള മുഖങ്ങൾ ചിതറി.
_മാസങ്ങൾക്ക് ശേഷം ഒരു കവലയിൽ വെച്ച് കുഞ്ഞനെകണ്ടു._ ഒരു പെട്ടിക്കടയുടെ മുന്നിൽ ഇരിക്കുന്നു. എന്നെ കണ്ടപ്പോൾ ചിരിച്ചു. "ഇനി ആ കടയില്ല മോനേ" എന്ന് മാത്രം പറഞ്ഞു. അതിൽ കൂടുതൽ ഒന്നും പറയാനില്ലായിരുന്നു.
നാടിനെ രണ്ടായി മുറിച്ചു. ഇപ്പോൾ ഞാൻ നിൽക്കുന്നത് ദേശീയ പാതയുടെ ഒരു വശത്താണ്. മറുവശത്ത് എൻ്റെ ഓർമ്മകൾ മാത്രം.
ഇപ്പോൾ ഞാൻ നീലേശ്വരത്ത് വരുന്നത് ഇടവിട്ട ദിവസങ്ങളിലാണ്. ചിലപ്പോൾ വരാതെയുമായി.
_രാഘവേട്ടനോട്_ ഞാൻ പറഞ്ഞു: "നാട് വലുതായി, പക്ഷേ എനിക്ക് ചെറുതായി".
രാഘവേട്ടൻ തലയാട്ടി. ഒന്നും മിണ്ടിയില്ല. കാരണം അദ്ദേഹത്തിൻ്റെ കടയും ഈ റോഡിൽ പെട്ട് പോയതാണ്.
ട്രെയിൻ ഇപ്പോഴും വരുന്നുണ്ട്. രാജാറോഡിൽ വണ്ടികൾ ഓടുന്നുണ്ട്. പക്ഷേ നടക്കുമ്പോൾ കൂട്ടിന് ആരുമില്ല.
കണ്ടക്ടറുടെ വിളിയില്ല. ക്ഷേത്രമണിയുടെ ശബ്ദം അകലെയായി. തമ്പാനേട്ടൻ്റെ ബ്രോക്കറേജും ഇല്ല.
പൊളിച്ച കടകളുടെ സ്ഥലത്ത് പുതിയ കോൺക്രീറ്റുണ്ട്. അതിൽ എൻ്റെ ചെരുപ്പിൻ്റെ പഴയ പാടുകൾ ഇല്ല. _ഗോളി ബജയുടെ മണവും ഇല്ല._
നീലേശ്വരം മാറി. നല്ലതിനു വേണ്ടി മാറി എന്ന് എല്ലാവരും പറയുന്നു.
ഞാനും സമ്മതിക്കുന്നു. പക്ഷേ നടക്കുമ്പോൾ നെഞ്ചിൽ ഒരു വിടവുണ്ട്.
ആ വിടവിലൂടെ പഴയ രാജാറോഡിൻ്റെ കാറ്റ് ഇപ്പോഴും വീശുന്നുണ്ട്.
_ എം എം ജി കാസർകോട്
No comments