നീലേശ്വരം കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരിക്കണമെന്ന് യുഡിഎഫ് മുൻസിപ്പൽ കമ്മിറ്റി
കേരള സംസ്ഥാനത്തിന്റെ രൂപീകരണ കാലം മുതൽ സർക്കാരിന്റെ പരിഗണനയിലുള്ള നീലേശ്വരം താലൂക്ക് രൂപീകരിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
1957 മുതൽ ജനങ്ങളുടെ ആവശ്യമാണിത്. ഇതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് സർക്കാർ നിയോഗിച്ച സി.എച്ച്.ദാമോദരൻ, വെള്ളോടി, ചന്ദ്രഭാനു, ദാമോദരൻ നമ്പ്യാർ കമ്മീഷനുകൾ ഉൾപ്പെടെയുള്ളവരുടെ മുഴുവൻ റിപ്പോർട്ടുകളിലും നീലേശ്വരം കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.
അവിഭക്ത കണ്ണൂർ ജില്ല ഉണ്ടായിരുന്നപ്പോൾ ഫർക്ക സ്റ്റേഷനായി നീലേശ്വരവും കാസർകോടുമാണ് ഉണ്ടായിരുന്നത്. ഫർക്ക സ്റ്റേഷനുകൾ പിന്നീട് വികസന ബ്ലോക്ക് ഓഫീസുകളായി മാറി. എന്നിട്ടും നീലേശ്വരം താലൂക്ക് രൂപീകരിക്കുന്നത് നീലേശ്വരത്തെ ജനങ്ങളോടുള്ള നീതിനിഷേധമാണെന്ന് യോഗം വിലയിരുത്തി. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നീലേശ്വരം താലൂക്ക് യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള നീലേശ്വരം കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരിക്കാൻ സത്വരനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യുഡിഎഫ് ചെയർമാൻ ഇ.എം.കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ എറുവാട്ട് മോഹനൻ സ്വാഗതം പറഞ്ഞു. യുഡിഎഫ് നേതാക്കളായ മഡിയൻ ഉണ്ണിക്കൃഷ്ണൻ, പി.രാമചന്ദ്രൻ, ഇ.ഷജീർ, റഫീഖ് കോട്ടപ്പുറം, രാമരം സലാം ഹാജി, സി.വിദ്യാധരൻ എന്നിവർ സംസാരിച്ചു.
No comments