Breaking News

കാസർഗോഡിന്റെ സമഗ്ര വികസന ആവശ്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണം: നിർദേശങ്ങൾ മുന്നോട്ടുവെച്ച് എം.പി. മുഖ്യമന്ത്രിക്ക് നിവേദനം നൽകി

സംസ്ഥാനത്ത് ഐക്യ ജനാധിപത്യ മുന്നണി അധികാരമേറ്റെടുത്ത ശേഷം അവതരിപ്പിക്കുന്ന കന്നി ബജറ്റിൽ കാസർഗോഡ് ജില്ലയുടെ ദീർഘകാല വികസന ആവശ്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് എം.പി. മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിലൊന്നായ കാസർഗോഡിന്റെ വിവിധ അടിസ്ഥാന പ്രശ്നങ്ങളും വികസന ആവശ്യങ്ങളും ബജറ്റിൽ ഉൾപ്പെടുത്തി അടിയന്തര പരിഗണന നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടതായും എം.പി. അറിയിച്ചു.

ജില്ലയിലെ ഗതാഗത വികസനത്തിന് നിർണായകമായ കാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാത പദ്ധതിയുടെ പ്രൊപ്പോസൽ പുതുക്കി സമർപ്പിച്ച് സംസ്ഥാന വിഹിതമായി 50 ശതമാനം തുക ബജറ്റിൽ വകയിരുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയുകയും ജില്ലയുടെ വികസനത്തിന് വലിയ പ്രോത്സാഹനമാകുകയും ചെയ്യുമെന്ന് എം.പി. ചൂണ്ടിക്കാട്ടി.

പെരിയ എയർസ്ട്രിപ്പ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ജില്ലയുടെ വ്യോമഗതാഗത മേഖലയിലെ വികസനത്തിന് ആവശ്യമായ ബജറ്റ് പ്രഖ്യാപനങ്ങളും , ജില്ലയിലെ ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷമാണെന്നും പ്രത്യേകിച്ച് ആരോഗ്യ വകുപ്പിൽ 40 ശതമാനം ജീവനക്കാരുടെ കുറവുണ്ടെന്നും കാസർഗോഡിൽ സേവനമനുഷ്ഠിക്കാൻ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്നതിനായി അധിക റിസ്ക് അലവൻസ്, പ്രത്യേക ആനുകൂല്യങ്ങൾ, പ്രൊമോഷൻ സാധ്യതകൾ എന്നിവ ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങളും , ഉന്നത വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സി.പി.സി.ആർ.ഐ.യിൽ കാർഷിക കോളേജ് ആരംഭിക്കണമെന്നും മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം അനുവദിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ദേശീയപാത നിർമ്മാണത്തെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട്, മണ്ണിടിച്ചിൽ ഭീഷണി, സർവീസ് റോഡുകളുടെ അഭാവം എന്നിവ അടിയന്തരമായി പരിഹരിക്കുന്നതിനും , എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസ പ്രശ്നം പൂർണമായും പരിഹരിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായവും പദ്ധതികളും , റൂക്ഷമാകുന്ന കടലാക്രമണവും തീരദേശ ശോഷണവും പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരികുന്നതിനും , ഉദിനൂർ കായലിലെ കാസർഗോഡ് ഗവ. മെഡിക്കൽ കോളേജിനും നഴ്‌സിംഗ് കോളേജിനുമായി ബന്ധപ്പെടുന്ന വിവാദ ഭൂവിഷയങ്ങൾ അടിയന്തരമായി പരിഹരിച്ച് പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും , പൈവളിഗെ പൊലീസ് സ്റ്റേഷനുള്ള ശുപാർശ ഉടൻ നടപ്പിലാക്കണമെന്നും ജില്ലയിലെ നിയമ-സമാധാന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.മഞ്ചേശ്വരം, നീലേശ്വരം, എന്നിവിടങ്ങളിൽ മിനി സിവിൽ സ്റ്റേഷനുകൾ യാഥാർഥ്യമാക്കുന്നതിനാവശ്യമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്നും എം പി ആവശ്യപ്പെടുകയുണ്ടായി .

കാസർഗോഡിനായി പ്രത്യേകം പി.എസ്.സി. നിയമനം നടത്തി അഞ്ചുവർഷമായി ഇവിടത്തെ സേവനം നിർബന്ധമാക്കുന്ന സംവിധാനം ഏർപ്പെടുത്തണമെന്നും ഇതിലൂടെ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥ ക്ഷാമത്തിന് പരിഹാരമാകുമെന്നും എം.പി. അഭിപ്രായപ്പെട്ടു.

കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിക്കുകയും അതിനാവശ്യമായ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തുകയും , കാസർഗോഡ് വികസന പാക്കേജിന്റെ വിഹിതം 200 കോടിയായി ഉയർത്തി ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗം നൽകണമെന്നും , ജില്ലയിൽ കൂടുതൽ ഫയർ സ്റ്റേഷനുകൾ അനുവദിച്ച് ദുരന്തനിവാരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും , തൃക്കണ്ണാട്, അജാനൂർ, മടിക്കൈ, മഞ്ചേശ്വരം തുടങ്ങിയ പഞ്ചായത്തുകളിലെ ചട്ടാട് രാമന്തളി എൻനിവിടങ്ങളിലെ കടലാക്രമണ ഭീഷണി നേരിടുന്ന മേഖലകളിൽ സ്ഥിരം സംരക്ഷണ നടപടികൾ അടിയന്തരമായി നടപ്പാക്കണമെന്നും , ബേവിഞ്ച മേഖലയിൽ മണൽനിക്ഷേപം ശാസ്ത്രീയമായി നീക്കം ചെയ്ത് ജനങ്ങളുടെ യാത്രയും ഉപജീവനവും സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും , കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ഫോറൻസിക് സർജൻ ഉൾപ്പെടെയുള്ള വിദഗ്ധ സേവനങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും എം.പി. ആവശ്യപ്പെട്ടു.

അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അതിനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്നും , വിവിധ റെയിൽവേ ഓവർബ്രിഡ്ജുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിനും പുതിയ പദ്ധതികൾക്ക് ഭരണാനുമതിയും സാമ്പത്തിക സഹായവും അനുവദിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്നും , കണ്ണൂർ ജില്ലയിലെ പയ്യങ്ങാടി റെയിൽവേ ഓവർബ്രിഡ്ജ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

മേൽപറഞ്ഞ വിഷയങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും ബജറ്റ് രൂപീകരണ വേളയിൽ കാസർഗോഡ് ജില്ലയുടെ വികസന ആവശ്യങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകുമെന്നും മുഖ്യ മന്ത്രി ഉറപ്പുനൽകിയതായി എം.പി. അറിയിച്ചു.

ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നിർദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുമെന്ന ശുഭപ്രതീക്ഷ തനിക്കുണ്ടെന്നും എം.പി. പ്രതികരിച്ചു.

No comments