Breaking News

നീലേശ്വരത്ത് സർവീസ് റോഡ് നിർമ്മാണം 22നകം പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് ആർഡിഒയുടെ അന്ത്യശാസനം

നീലേശ്വരം ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ സര്‍വ്വീസ് റോഡിന്‍റെ നിര്‍മ്മാണം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചതുപോലെ ഈ മാസം 22 ന് പൂര്‍ത്തീകരിക്കണമെന്ന് കാഞ്ഞങ്ങാട് ആര്‍ഡിഒ നിര്‍മ്മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന് അന്ത്യശാസന നല്‍കി.. ചൊവ്വാഴ്ച്ച രാവിലെ ആര്‍ഡിഒ ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ ആര്‍ഡിഒ നിര്‍മ്മാണ കമ്പനിക്ക് അന്തിമനിര്‍ദ്ദേശം നല്‍കിയത്. നിർമ്മാണ പുരോഗതി പരിശോധിക്കാൻ ഈ മാസം 20ന് ആർ ഡി ഒ സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്യും. നേരത്തെ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാത്തതിനെതിരെ നഗരസഭ ജനകീയ കർമ്മ സമരസമിതി ജില്ലാ കളക്ടര്‍ക്ക് പരാതിനല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സര്‍വ്വീസ് റോഡിന്‍റെ നിര്‍മ്മാണം ജൂണ്‍ 22 നകം പൂര്‍ത്തിയാക്കണമെന്ന് നിര്‍മ്മാണകമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയത്. സര്‍വ്വീസ് റോഡ് നിര്‍മ്മാണം ആരംഭിക്കാന്‍ വാഹനങ്ങള്‍ ഇപ്പോള്‍ നിര്‍മ്മിച്ച മണല്‍പാലത്തിലൂടെ കയറ്റിവിടണമെന്ന് നിര്‍മ്മാണകമ്പനി ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജനകീയ കര്‍മ്മസമിതി ഈ ആവശ്യം അംഗീകരിക്കുകയും ജൂണ്‍ 22 വരെ മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതിനെ തുടര്‍ന്നാണ് നഗരസഭ ജനകീയ കര്‍മ്മസമിതി പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആര്‍ഡിഒ ഓഫീസില്‍ ചര്‍ച്ചനടത്തിയത്. ആര്‍ഡിഒ കെ ആര്‍ മനോജിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നഗരസഭാ ജനകീയ കര്‍മ്മസമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി, കണ്‍വീനര്‍ ഇ.ഷജീര്‍, രക്ഷാധികാരി മാമുനി വിജയന്‍, നഗരസഭാ കൗണ്‍സിലര്‍ പി.വി.സതീശന്‍, ആര്‍ഡിഒ ഓഫീസ് സൂപ്രണ്ട് ഗോപാലകൃഷ്ണന്‍, തഹസില്‍ദാര്‍ പി.കെ.പ്രമേനന്ദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി.തുളസിരാജ്, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍, ദേശീയപാതാ അതോററ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

No comments