പടന്നക്കാട് നെഹ്‌റു കോളേജിൽ ബിരുദാനന്തര വിദ്യാർത്ഥികൾക്കുള്ള കോൺവോക്കേഷൻ നടത്തി
പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങ് നടന്നു. കോളേജ് മാനേജർ കെ. രാമനാഥൻ ആമുഖഭാഷണം നടത്തിയ ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ. ജിതേഷ് . കെ മുഖ്യാതിഥിയായി. ക്ലാസ് മുറികൾ ലോകത്തിൻ്റെ പരിഛേദമാണെന്ന് തിരിച്ചറിയാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സാധിക്കണമെന്നും നല്ല വിദ്യാർത്ഥികളാണ് നല്ല അധ്യാപകരെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി ജീവിതത്തിൽ നിന്നും മറ്റൊരു ജീവിതത്തിലേക്കുള്ള വഴിത്തിരിവായി ഈ ബിരുദദാനചടങ്ങിനെ കാണണമെന്ന് പറഞ്ഞ അദ്ദേഹം ആരെങ്കിലും വെച്ചുനീട്ടുന്നത് കൈനീട്ടി വാങ്ങുകയല്ല മറിച്ച് വേണ്ടത് പിടിച്ചെടുക്കാൻ കഴിയുന്ന ഇച്ഛാശക്തിയുള്ളവരായി മാറണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. പത്തുവർഷം കഴിഞ്ഞ് എന്തായിത്തീരണമെന്ന് ഇപ്പോഴേ ചിന്തിച്ചാലേ ലക്ഷ്യത്തിലെത്താൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് 2023- 25 ബാച്ചിലെ അഞ്ച് പി.ജി. കോഴ്സുകളിൽ നിന്നുമായി യോഗ്യത ലഭിച്ച നൂറോളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അദ്ദേഹം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോളജ് പ്രിൻസിപ്പാൾ ഡോ. ദിനേശ് .ടി പ്രസ്തുത വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നെഹ്റു കോളേജ് എജ്യുക്കേഷണൽ സൊസൈറ്റി മെമ്പർ പി.യു.നാരായണതന്ത്രി, നെഹ്റു കോളേജ് മുൻ പ്രിൻസിപ്പാളും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ഡോ. കെ.വി. മുരളി, പി.ടി.എ. വൈസ് പ്രസിഡൻ്റ് തുളസി വി , ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. റുഖയ്യ മുഹമ്മദ് കുഞ്ഞി, കോളേജ് സൂപ്രണ്ട് വിനോദ് കുമാർ.വി , യൂണിയൻ ചെയർമാൻ അഭിരാം കെ.വി എന്നിവർ സംബന്ധിച്ചു. കോളേജ് ഐ.ക്യു.എ. സി. കോ -ഓർഡിനേറ്റർ ഡോ. വിജയകുമാർ.വി. സ്വാഗതവും ജോയിൻ്റ് കോ -ഓർഡിനേറ്റർ മിഥുൻ എ.വി നന്ദിയും പറഞ്ഞു
No comments