Breaking News

നീലേശ്വരം ചതുരക്കിണറിലെ കെ.കെ.പിഷാരടി മാസ്റ്റർ ആചാര്യശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി

കേരള റിട്ടയേഡ് ടീച്ചേഴ്‌സ് കോൺഗ്രസ് ഏർപ്പെടുത്തിയ ആചാര്യശ്രീ പുരസ്‌കാരം നീലേശ്വരം ചതുരക്കിണർ കസ്തൂരിയിലെ കെ.കെ.പിഷാരടി മാസ്റ്റർ (കെ.കുഞ്ഞിക്കൃഷ്ണ പിഷാരടി)ഏറ്റുവാങ്ങി. കാസർകോട് ജില്ലയിൽ നിന്ന് ആചാര്യശ്രീ പുരസ്‌കാരം നേടിയ ഏക റിട്ട.അധ്യാപകനാണ് ഇദ്ദേഹം. ലോക അധ്യാപകദിനത്തിലാണ് അവാർഡ് സമ്മാനിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.മുരളീധരനാണ് അവാർഡ് സമ്മാനിച്ചത്. കെആർടിസി സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ദേലംപാടിയിലെ പരപ്പ ജിഎൽപി സ്‌കൂളിൽ നിന്നാണ് ഇദ്ദേഹം വിരമിച്ചത്. 1986 ഓഗസ്റ്റ് രണ്ടിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് ഇദ്ദേഹം താൽക്കാലിക അധ്യാപകനായി ജോലി തുടങ്ങിയത്. കെജിപിടിയുവിലൂടെ സംഘടനാ പ്രവർത്തന രംഗത്തെത്തി. 1992 ജൂൺ രണ്ടിന് പി.എസ്.സി നിയമനം കിട്ടി. 2010 ജൂലൈയിൽ പ്രൈമറി ഹെഡ്മാസ്റ്റർ ആയി ഉയർന്നു. 2020 മാർച്ച് 31നാണ് വിരമിച്ചത്.നിസ്വാർത്ഥ സേവന പ്രസ്ഥാനമായ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിൽ സ്‌കൗട്ട് മാസ്റ്റർ, ലോക്കൽ അസോസിയേഷൻ സെക്രട്ടറി, ഡിസ്ട്രിക്ട് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജിഎസ്ടിയു ഉപജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, കെപിഎസ്ടിഎ ഉപജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ ഭാരവാഹിത്വങ്ങളും വഹിച്ചു. റിട്ടയർമെന്റിന് ശേഷം കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പരിധിയിൽ ബൂ്ത്ത് പ്രസിഡന്റ് ആയി പ്രവർത്തിക്കുകയാണ്. സ്വപ്രയത്‌നത്തിലൂടെ ഒരു യക്ഷഗാന ട്രൂപ്പ് രൂപീകരിച്ച് മുപ്പതോളം വേദികളിൽ വേഷമിട്ടു. കലാനിലയത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നിങ്ങനെയും പ്രവർത്തിച്ചു. നിലവിൽ രക്ഷാധികാരിയാണ്. കലാകാരസംഘടനയായ നന്മയുടെ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവുമാണ്. ഫോൺ: 9946723060.

No comments