Breaking News

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: നീലേശ്വരം സ്വദേശി ആരുഷ് ശ്രീരാജിന് സ്വർണം

കാസർഗോഡ് ജില്ലാ കരാട്ടെ ഡോ അസോസിയേഷൻ കോട്ടപ്പുറം ഇ.എം.എസ്. മിനി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പതിമൂന്നാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം പാലക്കാട്ടെ ആരുഷ് ശ്രീരാജ് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു. 25 കിലോ കൂമിതെ ഇനത്തിൽ ആരുഷ് സ്വർണ്ണ മെഡൽ കരസ്ഥമാക്കി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 350-ൽ പരം മത്സരാർത്ഥികൾ പങ്കെടുത്ത ഈ ചാമ്പ്യൻഷിപ്പിൽ ആരുഷ്, നീലേശ്വരം സെയ്ടൊക്കാൻ ചാമ്പ്യൻസ് കരാട്ടെ അക്കാഡമിയെ പ്രതിനിധീകരിച്ചു. അക്കാഡമി ഓവറോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ശ്രദ്ധേയമായി.
ആരുഷ് ശ്രീരാജിന്റെ ഈ വിജയം വരാനിരിക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നു. നവംബർ 15, 16 തീയതികളിൽ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കരാട്ടെ കേരള അസോസിയേഷൻ സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിലേക്ക് ആരുഷിനെ തെരഞ്ഞെടുത്തു.നീലേശ്വരം
പാലക്കാട്ടെ ശ്രീരാജ്–ഐശ്വര്യ ദമ്പതിമാരുടെ മകനാണ്. നീലേശ്വരം സെൻറ് പീറ്റേഴ്സ് സ്കൂളിലെ രണ്ടാം തരം വിദ്യാർത്ഥിയാണ് ആരുഷ്.

No comments