പുതിയ കാലത്ത് മാധ്യമ പ്രവർത്തനം വെല്ലുവിളി നിറഞ്ഞത്: ബേബി ബാലകൃഷ്ണൻ
ആധുനിക കാലത്ത് മാദ്ധ്യമ പ്രവർത്തനം. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ചെറുവത്തൂർ പ്രസ് ഫോറം സംഘടിപ്പിച്ച പ്രകാശൻ കുട്ടമ്മത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സത്യസന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ജാഗ്രത പാലിക്കേണ്ടുന്ന സമയമാണിത്. ശരിയേത് തെറ്റേത് എന്ന് മനസിലാക്കി ആധികാരികത ഉറപ്പു വരുത്തി വാർത്തകൾ പ്രസിദ്ധീകരിക്കണം. അല്ലെങ്കിൽ എല്ലാവരും ബുദ്ധിമുട്ടും. വികസനോന്മുഖമായ വാർത്തകൾ നന്നായി ചെയ്ത് നാടിനൊപ്പം നിൽക്കുന്നവരാണ് ഇവിടത്തെ പത്രപ്രവർത്തകർ. ജനപ്രതിനിധികളായ ഞങ്ങൾക്ക് ഏറെ സഹായകരമാകാൻ ഇത് സഹായിക്കുന്നുണ്ട്. വാർത്തകൾ നൽകുക മാത്രമല്ല അതിന്റെ പ്രയോജനം ഈ സമൂഹത്തിന് ലഭ്യമാക്കാനും പുതിയ തലമുറയിലെ മാദ്ധ്യമ പ്രവർത്തകർ തയ്യാറാകുന്നത് ആശാവഹമാണെന്നും ബേബി ബാലകൃഷ്ണൻ പറഞ്ഞു.
പ്രസ് ഫോറം പ്രസിഡന്റ്
ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷ കൺട്രോളർ പ്രൊഫ കെ പി ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള മുഖ്യാതിഥിയായി. 45 വർഷമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ കെ.വി.കുഞ്ഞികൃഷ്ണൻ, സംസ്ഥാന കുടുംബശ്രീ അവാർഡ് നേടിയ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ ദിലീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബാലചന്ദ്രൻ എരവിൽ പരിചയപ്പെടുത്തി. ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് വി. കൃഷ്ണൻ മാസ്റ്റർ, ലയൺസ് ക്ലബ് പ്രസിഡന്റ് എൻ. രാജീവൻ മാസ്റ്റർ, സിനെറ്റ് ചാനൽ എം ഡി സുകേഷ് കുമാർ, കുട്ടമ്മത്ത് യങ്‌മെൻസ് ക്ലബ് പ്രസിഡന്റ് ജി. ജയപ്രകാശ്, കെ.വി കുഞ്ഞികൃഷ്ണൻ, ശ്രീജ ദിലീപ് എന്നിവർ പ്രസംഗിച്ചു. പ്രസ് ഫോറം സെക്രട്ടറി ഉദിനൂർ സുകുമാരൻ സ്വാഗതവും ട്രഷറർ സുധീരൻ മയ്യിച്ച നന്ദിയും പറഞ്ഞു.
No comments