Breaking News

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള മുടങ്ങിക്കിടക്കുന്ന പ്രതിമാസ പെൻഷൻ ഉടൻ വിതരണം ചെയ്യണം; പെയ്ഡ് ജില്ലാ കൺവെൻഷൻ

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള മുടങ്ങിക്കിടക്കുന്ന പ്രതിമാസ പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്ന് പെയ്ഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങൾ മുഖേന ഭിന്നശേഷി വിദ്യാർഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പ് തുക സംസ്ഥാന സർക്കാർനിർദേശിച്ച പ്രകാരം പൂർണ്ണ തോതിൽ ലഭ്യമാക്കാൻ നടപടി വേണമെന്ന ആവശ്യവും കൺവെൻഷൻ ഉന്നയിച്ചു. ആശ്വാസകിരണം പദ്ധതി പ്രകാരം ഭൗതിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ പരിചാരകരായ അമ്മമാർക്ക് നൽകിവരുന്ന പ്രതിമാസ ധനസഹായം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ് ഇത് എത്രയും വേഗം നൽകണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
          ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിൽ നടന്ന ജില്ലാ കൺവെൻഷൻ പെയ്ഡ് സംസ്ഥാന പ്രസിഡണ്ട് കെ. എം ജോർജ് ഉദ്ഘാടനം ചെയ്തു. ഭൗതിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തിവരുന്ന പോരാട്ട സമരങ്ങൾ
 ഏത് അറ്റം വരെയും തുടരാൻ പെയ്ഡ് ബാധ്യസ്ഥരാണ്. അവകാശങ്ങൾ സംബന്ധിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിന് പ്രായോഗികമായ നടപടികൾ സ്വീകരിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
       ജില്ലാ പ്രസിഡണ്ട് ടി. മുഹമ്മദ് അസ്സലാം അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്: ബോബി ബാസ്റ്റ്യൻ, സംസ്ഥാന സെക്രട്ടറിപി. സുബൈർ നീലേശ്വരം , എൽ. എൽ. സി. കൺവീനർ കെ. എം വിജയകൃഷ്ണൻ, സ്കൂൾ ഡെപ്യൂട്ടി ഡയറക്ടർ എൻ. സുരേഷ്, ജീവോദയ സ്പെഷ്യൽ സ്കൂൾ മാനേജർ ലിസി എന്നിവർ സംസാരിച്ചു.പെയ്ഡ് ജില്ലാ സെക്രട്ടറി എ. ടി. ജേക്കബ് സ്വാഗതവും റോട്ടറി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ ബീന സുകു നന്ദിയും പറഞ്ഞു. 
 നിര്യാതയായ എൻഡോസൾഫാൻ ദുരിതബാധിത റോട്ടറിസ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി ടി. വി. രജനിയുടെ വേർപാടിൽ യോഗം അനുശോചിച്ചു. വർണ്ണോത്സവം 2025 ൽ
 വിജയികളായ റോട്ടറി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും കാഷവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.

No comments