നീലേശ്വരം ചോയ്യങ്കോട്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
നീലേശ്വരം ചോയ്യങ്കോട്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ കിണാവൂർ റോഡ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. നെല്ലിയടുക്കത്തു നിന്ന് നീലേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും ചിറ്റാരിക്കാലിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ ഓട്ടോഡ്രൈവർ ബിനോയ്, ഓട്ടോ യാത്രക്കാരി ലത, കാർ ഓടിച്ചിരുന്ന ചിറ്റാരിക്കാലിലെ തോമസ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല. വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു .ഈ മേഖലയിൽ വാഹനങ്ങൾ പലപ്പോഴും അമിതവേഗതിയിലാണ് സഞ്ചരിക്കുന്നത്. കിണാവൂർ റോഡ് ജംഗ്ഷൻ ബസ്സ്റ്റോപ്പിൽ സീബ്ര ലൈൻ ഉണ്ടെങ്കിലും ആരും ശ്രദ്ധിക്കാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കിണാവൂർ ഗവൺമെൻറ് എൽ പി സ്കൂൾ, ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന സമീപ പ്രദേശത്തുള്ള ഭൂരിഭാഗം കുട്ടികളും കാൽനടയായി ഇതുവഴിയാണ് പോകുന്നത്. ഇന്നലെ അപകടം നടന്ന സമയത്ത് കുട്ടികൾ ഇതുവഴി പോകാതിരുന്നത് കൊണ്ട് മാത്രമാണ് വലിയൊരു ദുരന്തത്തിൽ നിന്നും നാട് രക്ഷപ്പെട്ടത്. ഇവിടെ ചെറിയൊരു അപകട സൂചന ബോർഡ് ഉണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്നില്ല.
No comments