Breaking News

മത്സ്യബന്ധന വള്ളങ്ങൾക്ക് കളർകോഡ് നിർബന്ധമാക്കി ഫിഷറീസ് വകുപ്പ്: കളർകോഡ് ഇല്ലാത്ത അഞ്ച് വള്ളങ്ങൾ പിടികൂടി

മത്സ്യബന്ധന യാനങ്ങൾക്ക് ഫിഷറീസ് വകുപ്പ് കളർകോഡ് കർശനമാക്കി.
നിർദിഷ്ട കളർകോഡ് പാലിക്കാത്ത അഞ്ച് വള്ളങ്ങൾ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് പിടികൂടുകയും ചെയ്തു. ചെറുവത്തൂർ മടക്കര ഹാർബറിൽ നടത്തിയ പരിശോധനയിലാണ് വള്ളങ്ങൾ പിടികൂടിയത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ തസ് ലിമ ബീഗത്തിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് വിങ്ങിലെ സി പി ഒമാരായ അർജുൻ, ശരത് കുമാർ, റസ്‌ക്യൂ ഗാർഡുമാരായ അലി, പ്രീജിത്ത്, മനു, അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് വള്ളം പിടികൂടിയത്. നിർദിഷ്ട കളർകോഡ് പാലിക്കാത്ത വള്ളങ്ങൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനും കടൽസുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് കളർകോഡ് നടപടി കർശനമാക്കിയത്. 2019 മുതൽ യാനങ്ങളിൽ കളർകോഡ് സംവിധാനം നടപ്പിലായെങ്കിലും കർശനമായി പാലിക്കപ്പെടാറില്ല. കടും നീല നിറവും നൈൽ ബ്ലൂവും ആണ് കേരളയാനങ്ങളുടെ നിറം. വീൽഹൗസ് ഉള്ള യാനങ്ങളുടെ നിറം കടുംനീലയും.   വീൽ ഹൗസിൻ്റെ നിറം ഫ്ലൂറസൻ്റ് ഓറഞ്ചുമാണ്. മഞ്ഞയിൽ കറുപ്പ് നിറത്തിൽ യാനത്തിൻ്റെ റജിസ്റ്റർ നമ്പർ രേഖപ്പെടുത്തണം.  നൈൽ ബ്ലൂവാണ് വീൽ ഹൗസില്ലാത്ത യാനത്തിന് അനുവദിച്ച നിറം. അതോടൊപ്പം ഹള്ളിന് മുകൾ ഭാഗം ഒൻപത് ഇഞ്ച് വീതിയിൽ ഫ്ലൂറിസൻ്റ് ഓറഞ്ചും, ഇരുവശങ്ങളിലുമായി മഞ്ഞയിൽ കറുപ്പ് അക്ഷരത്തിൽ റജിസ്റ്റർ നമ്പറും എഴുതണം. ഇനി മുതൽ കളർ കോടില്ലാതെ കടലിൽ പോകുന്ന യാനങ്ങളെ അഴിമുഖത്തു വെച്ച് തടയാനുള്ള  തീരുമാനത്തിലാണ് അധികൃതർ. കൂടാതെ കളർകോട് പാലിക്കാത്ത പുതിയ യാനങ്ങൾക്ക് റജിസ്ട്രേഷൻ നമ്പർ നൽകുകയുമില്ല.

<> മത്സ്യബന്ധന യാനങ്ങൾക്കുള്ള പൊതുനിർദേശങ്ങൾ
കാസർകോട് |  കളർകോഡ് സംബന്ധിച്ച കർശനനിർദേശത്തിനൊപ്പം മത്സ്യബന്ധന യാനങ്ങൾക്കുള്ള പൊതുനിർദേശങ്ങളും  ഫിഷറീസ് പുറത്തിറക്കി.
കാലാവസ്ഥ മുന്നറിയിപ്പ് നിർബന്ധമായും പാലിച്ചേ യാനങ്ങൾ കടലിൽ പോകാവൂ, മത്സ്യത്തൊഴിലാളികൾ ആധാർ കാർഡ് നിർബന്ധമായും കയ്യിൽ കരുതേണ്ടതും ബന്ധപ്പെട്ട അധികാരികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധനയ്ക്ക് നൽകണം, യാനങ്ങളിൽ നിർബന്ധമായും സുരക്ഷാ ഉപകരണങ്ങൽ സൂക്ഷിച്ചിരിക്കണം. മത്സ്യബന്ധന മേഖലയിൽ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികൾ അതിഥി പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം, എല്ലാ യാനങ്ങളും ലൈസൻസ് പുതുക്കിയ ശേഷമേ മത്സ്യബന്ധനത്തിനായി പുറപ്പെടാവൂ, യാനത്തിന്റെ രജിസ്‌ട്രേഷൻ, ലൈസൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്് യാനത്തിൽ സൂക്ഷിച്ചിരിക്കണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം പൂർണമായി പാലിച്ചേ മീൻപിടിക്കാവൂ, നിയമാനുസൃത വലിപ്പത്തിൽ കുറഞ്ഞ മീനുകൾ പിടിക്കുന്നത് നിയമവിരുദ്ധമാണ്, എല്ലാ യാനങ്ങളിലും ഫസ്റ്റ് എയ്ഡ് ബോക്‌സും ബോ്ട്ടുകളിൽ അഗ്നിശമന ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരിക്കണം, മീൻപിടിക്കാൻ പോകുന്നതിന് മുമ്പ് യാനങ്ങൾ സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം എന്നീ നിർദേശങ്ങളും നൽകി.

No comments