ചിത്താരി കെ.എസ്.ഇ.ബിയിലെ സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ
വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷനാക്കുന്നതിന് 3,000/- രൂപ കൈക്കൂലി വാങ്ങിയ കാസർഗോഡ് ചിത്താരി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ സബ് എഞ്ചിനീയറായ സുരേന്ദ്രൻ.കെ യെ വിജിലൻസ് ഇന്ന് കൈയ്യോടെ പിടികൂടി.
കാസർഗോഡ് പൂച്ചക്കാട് സ്വദേശിയായ പരാതിക്കാരൻ മുക്കൂട് എന്ന സ്ഥലത്ത് പുതുതായി പണികഴിപ്പിച്ച വീടിന്റെ താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിന് പത്തൊൻപതാം തിയതി ചിത്താരി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഇന്നലെ ചിത്താരി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ സബ് എഞ്ചിനീയറായ സുരേന്ദ്രൻ സ്ഥല പരിശോധന നടത്തിയ ശേഷം വൈദ്യുതി കണക്ഷൻ വേഗത്തിൽ ശരിയാക്കുന്നതിന് കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഫീസിന് പുറമേ 3,000/- രൂപ കൈക്കൂലി കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, തുടർന്ന് നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് വൈകുന്നേരം 05.15 മണിക്ക് ചിത്താരി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുന്നിൽ വെച്ച് പരാതിക്കാരനിൽ നിന്നും 3,000/- രൂപ കൈക്കൂലി വാങ്ങവെ ചിത്താരി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ സബ് എഞ്ചിനീയറായ സുരേന്ദ്രൻ.കെ യെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും
No comments