പി.വി.ആദിത്യൻ മുന്നൂറ്റാൻ നീലേശ്വരം അഞ്ഞൂറ്റാൻ ആയി ആചാരമേറ്റു: കാവിലെ കലശത്തിൽ ഭഗവതിയുടെ തിരുമുടിയേറ്റും
പ്രമുഖ തെയ്യം കലാകാരൻ പി.വി.സുരേഷ് ബാബു അഞ്ഞൂറ്റാന്റെ മകൻ പി.വി. ആദിത്യൻ മുന്നൂറ്റാൻ ഇനി നീലേശ്വരം അഞ്ഞൂറ്റാൻ.
നീലേശ്വരം മന്നൻപുറത്തുകാവിൽ നടക്കാനിരിക്കുന്ന കലശോത്സവത്തിൽ ആദിത്യൻ അഞ്ഞൂറ്റാൻ ആദ്യമായി കാവിലമ്മയുടെ തിരുമുടിയണിയും. ഇതിന് മുന്നോടിയായാണ് കണ്ണൂർ ചിറക്കൽ കോവിലകത്ത് നിന്ന് ആചാരമേറ്റത്. കോവിലകത്തെ വലിയ രാമവർമ രാജാവ് കച്ചും ചുരികയും സമ്മാനിച്ച് മൂന്ന് തവണ ആചാരപ്പേര് വിളിച്ചു. കഴിഞ്ഞ 33 വർഷമായി ആദിത്യന്റെ പിതാവ് സുരേഷ് ബാബു അഞ്ഞൂറ്റാനാണ് കാവിലമ്മയുടെ കോലമണിഞ്ഞു വരുന്നത്. ഇക്കുറി ആദിത്യൻ ആദ്യ കോലമേറ്റും. 2023 ൽ പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽ തിരുവർക്കാട്ട് ഭഗവതിയുടെ കോലം ധരിക്കാനായി ഇതേ വർഷം കുഞ്ഞിമംഗലം മനയിൽ നിന്നാണ് മുന്നൂറ്റാനായി ആചാരം കൊണ്ടത്. നീലേശ്വരം ടി.സി. ഉദയവർമ രാജയാണ് അഞ്ഞൂറ്റാൻ ആചാരം നൽകേണ്ടതെങ്കിലും രാജകുടുംബത്തിൽ വാലായ്മയായതിനാലും ആചാര വേഷത്തിൽ ഇന്ന് മന്നൻപുറത്തു കാവിൽ നടയിൽ പ്രാർത്ഥന നടത്തേണ്ടതിനാലും ചിറക്കൽ കോവിലകത്തു നിന്ന് ആചാരം കൊള്ളുകയായിരുന്നു. കിനാനൂർ കോവിലകം പ്രതിനിധി കെ.സി. മാനവർമ രാജയും ചങ്ങിൽ സംബന്ധിച്ചു. ഇതിനോടകം പതിനഞ്ചോളം പെരുങ്കളിയാട്ടങ്ങളിൽ ഭഗവതി കോലം അണിഞ്ഞ കോലധാരിയാണ് ആദിത്യന്റെ പിതാവ് സുരേഷ് ബാബു അഞ്ഞൂറ്റാൻ. അച്ഛൻ പന്ത്രണ്ടാം വയസിൽ ആദ്യമായി തെയ്യക്കോലമണിഞ്ഞ കക്കാട്ട് കോവിലകത്താണ് ഇതേ പ്രായത്തിൽ ആദിത്യനും ആദ്യ കോലമണിഞ്ഞത്. നീലേശ്വരം പൈനി തറവാട്ടിലെ പുതിയ ഭഗവതി ഉൾപ്പെടെ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്. സജിതയാണ് മാതാവ്. ശ്രുതി, അശ്വതി എന്നിവർ സഹോദരങ്ങൾ. നാടൻ കലാ പുരസ്കാര ജേതാവായ പ്രമുഖ തെയ്യം കലാകാരൻ പരേതനായ നീലേശ്വരം കൃഷ്ണൻ അഞ്ഞൂറ്റാന്റെ ചെറുമകനാണ് ആദിത്യൻ.
No comments