Breaking News

ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: നീലേശ്വരം പള്ളിക്കര കോസ്‌മോസ് ഓവറോൾ ചാമ്പ്യന്മാർ

നീലേശ്വരം പുത്തരിയടുക്കം ഇ എം എസ് സ്റ്റേഡിയത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ജില്ലാ അത്‌ലറ്റ്ക്‌സ് ചാമ്പ്യൻഷിപ്പിൽ പള്ളിക്കര കോസ്‌മോസ് ഓവറോൾ ചാമ്പ്യന്മാർ.
179 പോയിന്റാണ് കോസ്‌മോസ് നേടിയത്. 138 പോയിന്റ് നേടിയ കാസർകോട് പെരിയടുക്ക എം പി ഇന്റർനാഷനൽ സ്‌കൂളിനാണ് രണ്ടാം സ്ഥാനം. കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ 125 പോയിന്റുമായി മൂന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പും ഇവർക്കാണ്. ജൂനിയറിൽ എം പി ഇന്റർനാഷനൽ സ്‌കൂൾ (84), പള്ളിക്കര കോസ്‌മോസ് (56) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.
സീനിയറിൽ 123 പോയിന്റുമായി കോസ്‌മോസ് ആണ് ഒന്നാംസ്ഥാനത്ത്. 57 പോയിന്റുമായി ചെറുവത്തൂർ മയ്യിച്ച കെ സി ത്രോസ് അക്കാദമി രണ്ടും എം പി ഇന്റർനാഷനൽ സ്‌കൂൾ (54) മൂന്നും സ്ഥാനങ്ങൾ നേടി. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ ആണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
സമാപന സമ്മേളനം നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
വിജയികൾക്ക് സമ്മാനങ്ങളും നൽകി. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി എ വിനോദ് കുമാർ പ്രസംഗിച്ചു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ട്രഷറർ ടി ശ്രീധരൻ നായർ സ്വാഗതവും സെക്രട്ടറി പി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. വിജയികൾ ഓഗസ്റ്റ് 16 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും.

No comments