Breaking News

അത്യാഹിതവിഭാഗത്തിലും പനി ക്ലിനിക്കിലുമായി ഒരു ഡോക്ടർ മാത്രം: നീലേശ്വരം താലൂക്കാശുപത്രിയിൽ രാത്രി ചികിത്സയ്‌ക്കെത്തുന്നവർ ദുരിതത്തിൽ

പനിയും സാംക്രമിക രോഗങ്ങളും പടരുന്നതിനിടെ നീലേശ്വരം താലൂക്കാശുപത്രിയിലെത്തുന്ന രോഗികൾ കാത്തിരുന്നു കുഴയേണ്ട ഗതികേടിൽ.
രാത്രികാലത്ത് ചികിത്സ തേടിയെത്തുന്നവരാണ് ഏറെ ദുരിതത്തിലായത്. അത്യാഹിത വിഭാഗത്തിലും പനി ക്ലിനിക്കിലുമെല്ലാമായി ഇവിടെ രാത്രികാലത്ത് ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. വൈകിട്ട് ആറിന് ചികിത്സ തേടിയെത്തുന്നവർക്ക് രാത്രി 8. 30 ന് ശേഷമൊക്കെയാണ് ഡോക്ടറെ കാണാൻ അവസരം കിട്ടുന്നത്. ഇനി കാത്തിരുന്ന് ഡോക്ടറുടെ മുന്നിലെത്തിയാൽ തന്നെ രോഗിയെ ഇവിടെയിരുത്തി ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിക്കാൻ അത്യാഹിത വിഭാഗത്തിലേക്കും ഓടേണ്ട സ്ഥിതിയിലാണ് ഡ്യൂട്ടി ഡോക്ടർ.
ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം അത്യാിത വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനമേയുള്ളൂ. ഈ സാഹചര്യവും അത്യാഹിത രോഗികൾക്കായിരിക്കും മുൻഗണന എന്ന ബോർഡും ആശുപത്രിയിൽ സ്ഥാപിച്ചിട്ടുമുണ്ട്. കാതങ്ങൾ താണ്ടി ഇവിടെയെത്തി ബോർഡും വായിച്ച് അന്തംവിട്ടിരിക്കേണ്ട സ്ഥിതിയിലാണ് ചികിത്സയ്‌ക്കെത്തുന്നവർ. പനി ക്ലിനിക്കിലും അത്യാഹിത വിഭാഗത്തിലുമായി രണ്ടിൽ അധികം ഡോക്ടർമാർ വേണമെന്ന സാഹചര്യത്തിലാണ് ചികിത്സ തേടിയെത്തുന്നവരുടെ തിരക്ക് വർധിച്ച അവസരത്തിൽ നീലേശ്വരം താലൂക്കാശുപത്രിൽ തലതിരിഞ്ഞ സമീപനം.

No comments