നീലേശ്വരം ബിഎസി ബാസ്കറ്റ്ബോൾ അക്കാദമിയിലെ 9 കുട്ടികൾ സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിൽ
ആലപ്പുഴ പുന്നപ്രയിൽ തുടങ്ങിയ 50-ാമത് സംസ്ഥാന സബ്ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കാസർകോട് ജില്ലാ ടീമിൽ നീലേശ്വരം ചിറപ്പുറം ബാസ്കറ്റ്ബോൾ അക്കാദമിയിലെ 9 കുട്ടികൾ ഇടം നേടി. ആൺകുട്ടികളുടെ ജില്ലാ ടീമിലേക്ക് ഗൗതം കിഷോർ, ശിവദേവ്, അലേഖ് പ്രമോദ്, എൻ. നിരഞ്ജൻ എന്നിവരും പെൺകുട്ടികളുടെ ടീമിലേക്ക് നിരഞ്ജന, ശ്രേയ ഗിരീഷ്, റിയ, ടി.വി. ആരാധ്യ, ശ്രീയ കാർത്തിക എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കക്കാട്ട്, ഉപ്പിലിക്കൈ ഗവ.ഹയർസെക്കന്ററി സ്കൂളുകൾ, കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഇവർ. ബാസ്കറ്റ് ബോൾ മുൻ സംസ്ഥാന താരങ്ങളായ പി.ഗോപാലകൃഷ്ണൻ (കെഎസ്ഇബി), ഷീജ.ഇ. നായർ എന്നിവരുടെ നേതൃത്വത്തിൽ ചിറപ്പുറം മിനി സ്റ്റേഡിയത്തിലാണ് ബാസ്കറ്റ്ബോൾ അക്കാദമിയുടെ പരിശീലന ക്യാമ്പ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷ കാലയളവിൽ അക്കാദമിയിലെ ഇരുപതോളം കുട്ടികൾ വിവിധ കാറ്റഗറികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
No comments