Breaking News

വി എസിന്റെ തുടിക്കുന്ന ഓർമയിൽ നീലേശ്വരം: ഓർമയിൽ ജ്വലിച്ച് വി എസ് ഓട്ടോസ്റ്റാൻഡ്.....ശ്യാംബാബു വെള്ളിക്കോത്ത്

നൂറ്റി രണ്ടാം വയസിലേക്ക് കടക്കവെ ഓർമയാകുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റുമായ വി.എസ്.അച്യുതാനന്ദന്റെ തുടിക്കുന്ന ഓർമയിൽ നീലേശ്വരം. 
സിപിഎമ്മിൽ വി.എസ്.അനുകൂല പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമായിരുന്ന നീലേശ്വരത്തെ വി.എസ്.ഓട്ടോസ്റ്റാൻഡും ഓർമകളിൽ ജ്വലിച്ചു നിൽക്കുകയാണ്. ഒരു ഘട്ടത്തിൽ സംസ്ഥാനത്തൊട്ടാകെ ആളിക്കത്തിയ വി.എസ്.അനുകൂല തരംഗത്തിന്റെ തീപ്പൊരി ഉടലെടുത്തതും ആളിക്കത്തിച്ചതും ഈ ഓട്ടോസ്റ്റാൻഡ് ആണ്. നീലേശ്വരം ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഓട്ടോസ്റ്റാൻഡിലെ മാവിൽ വി എസിന്റെ ചെറിയൊരു ചിത്രവും വി.എസ് ഓട്ടോസ്റ്റാൻഡ് എന്ന പേരുമായി തുടങ്ങിയ ഈ പ്രവർത്തനം ഒടുവിൽ മാവിൽ വി.എസിന്റെ പൂർണകായ ചിത്രം സ്ഥാപിച്ച് വി.എസിനു വേണ്ടി പരസ്യമായി കൂറ്റൻ പ്രകടനങ്ങൾ നടത്തുന്നിടം വരെയെത്തി. വിഎസിനെ പാർട്ടി തരംതാഴ്ത്തിയപ്പോഴും 2006ലും 2011ലും നിയമസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ച വേളയിലുമൊക്കെ സംസ്ഥാനത്തെ ആദ്യ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് ഇവിടെ നിന്നായിരുന്നു. സിഐടിയു യൂണിയൻ അംഗങ്ങളായ ഓട്ടോഡ്രൈവർമാർ മുൻകയ്യെടുത്ത് നടത്തിയ പ്രകടനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഡൽഹിയിൽ വരെയും വിഎസ് അനുകൂല വികാരം ആളിക്കത്തിച്ചു. ഇവിടെ പ്രത്യക്ഷപ്പെട്ട വി.എസ്.അനുകൂല പോസ്റ്ററുകൾ സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയചർച്ചകൾ ഉയർത്തി. പിന്നീട് പ്രതിപക്ഷനേതാവായ ശേഷം കാഞ്ഞങ്ങാട്ടൊരു പരിപാടിക്കായി നീലേശ്വരത്ത് ട്രെയിനിറങ്ങിയും വിഎസ് അനുകൂലികളുടെ ആവേശം വാനോളമുയർത്തി. 2015 ൽ നീലേശ്വരം പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ട ചടങ്ങുകളിൽ പങ്കെടുക്കാൻ വിഎസ് എത്തിയിരുന്നു. പി.വി.ശൈലേഷ് ബാബു സിപിഎം നീലേശ്വരം ലോക്കൽ സെക്രട്ടറിയും കരുവക്കാൽ ദാമോദരൻ ഏരിയാ സെക്രട്ടറിയുമായിരിക്കെയാണ് വിഎസ് അനുകൂല പ്രവർത്തനങ്ങൾ സജീവമായിരുന്നത്. ലോക്കൽ കമ്മിറ്റിയും പിന്നാലെ ഏരിയാ കമ്മിറ്റിയും കൈപ്പിടിയിലൊതുക്കിക്കൊണ്ട് ഔദ്യോഗിക പക്ഷം തുടങ്ങിയ തേരോട്ടം പതിയെ വിഎസ് ഓട്ടോസ്റ്റാൻഡിലെ മാവ് മുറിക്കുന്നതിലേക്കും ബോർഡ് എടുത്തുമാറ്റുന്നതിലേക്കും എത്തി. തുടർന്ന് ഇവിടെ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചു. സിഐടിയു ഔദ്യോഗിക പക്ഷത്തെ ഉപയോഗിച്ച് വൈകാതെ ഓട്ടോസ്റ്റാൻഡും കൈപ്പിടിയിലൊതുക്കി. ഈ ഘട്ടത്തിൽ വിഎസിന്റെ പിറന്നാൾ ആഘോഷങ്ങളുമായി ഓട്ടോഡ്രൈവർമാർ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തി. നീലേശ്വരത്തെ പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിന്റെ ഭാഗമായി ഓട്ടോസ്റ്റാൻഡ് തന്നെ പുനക്രമീകരിച്ചതോടെ വിഎസ് ഓട്ടോസ്റ്റാൻഡ് തന്നെ ഓർമയായി. തുടർന്നും പിറന്നാൾ ആഘോഷങ്ങൾ നടന്നെങ്കിലും നൂറാം പിറന്നാൾ ആഘോഷത്തിന്റെ ഘട്ടമെത്തുമ്പോഴേക്കും അതിനും വി.എസ്.അനുകൂലികളുടെ പരിപാടി എന്ന മുഖമില്ലാതെയായി.

No comments