വായന മനുഷ്യ മനസ്സുകളെ വിമലീകരിക്കുന്നു; എന്‍. സന്തോഷ് കുമാര്‍. ജില്ലാതല വായന പക്ഷാചരണം സമാപിച്ചു
വായന മനുഷ്യ മനസ്സുകളെ വിമലീകരിക്കുന്നുവെന്നും വായനയിലൂടെ ആര്‍ജ്ജിക്കുന്ന അനുഭവങ്ങളിലൂടെയാണ് മനുഷ്യന്‍ മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നതെന്നും സാഹിത്യ വിമര്‍ശകന്‍ എന്‍. സന്തോഷ് കുമാര്‍ പറഞ്ഞു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പരവനടുക്കം ഗവ:മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ജില്ലാ തല സമാപന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വായന മനുഷ്യനെ സ്‌നേഹവും കരുണയും നിലപാടുമുള്ള മനുഷ്യന്‍ ആക്കി മാറ്റുമെന്നും വിക്ടര്‍ ഹ്യൂഗോ യുടെ പാവങ്ങളും, കുറ്റവും ശിക്ഷയും അടക്കമുള്ള പുസ്തകങ്ങള്‍ തെറ്റും ശരിയും വിവേചിച്ചറിയാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായന പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് എന്ത് വായിക്കണം എന്നുള്ളത് നമ്മുടെ പ്രായത്തിനും വികാസത്തിനും അനുസരിച്ചുള്ള പുസ്തകങ്ങള്‍ വായനയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടി കാസര്‍കോട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.അഖില്‍ ഉദ്ഘാടനം ചെയ്തു. എ.ഐ യുടെ പുതിയ കാലത്ത് വായനയുടെ രീതികള്‍ മാറിയെങ്കിലും എത്ര കാലം കഴിഞ്ഞാലും വായനയുടെ പ്രസക്തി ഇല്ലാതാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വായനയ്ക്കപ്പുറം പുസ്തക താളുകളെ അറിയാന്‍ ശ്രമിക്കണമെന്നും അത് നമ്മുടെ ഇന്ദ്രിയങ്ങളെ ഉണര്‍ത്തുമെന്നും എ.ഡി.എം പറഞ്ഞു.
എം.ആര്‍.എസ്.സീനിയര്‍ സൂപ്രണ്ട് കെ.എം പ്രസന്ന അധ്യക്ഷത വഹിച്ചു. എം.ആര്‍.എസ് ഹയർസെക്കൻഡറി അധ്യാപകൻ വി.എസ് വിനു, സ്റ്റാഫ് സെക്രട്ടറി എം.വിനോദ് കുമാര്‍, വിദ്യാര്‍ത്ഥി പ്രതിനിധി സുഹര്‍ഷ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥിനി ശിവാനി ബഷീര്‍ കൃതികളെ കോര്‍ത്തിണക്കിയുളള ഗാനം ആലപിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന നന്ദിയും പറഞ്ഞു. സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments