ആയുർവേദത്തിലൂടെ ആരോഗ്യം; കുടുംബശ്രീയുടെ കർക്കിടക കഞ്ഞി ഫെസ്റ്റിന് തുടക്കമായി
കുടുംബശ്രീ പ്രവർത്തകർ കർക്കിടക കഞ്ഞിയുടെ പ്രചാരകരാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ. കർക്കിടക മാസത്തിലെ രോഗങ്ങളെ പ്രതിരോധിക്കാൻ കർക്കിടക കഞ്ഞിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ നടക്കുന്ന ഒരാഴ്ച നീളുന്ന കർക്കിടക കഞ്ഞി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എല്ലാ വീടുകളിലും കർക്കിടക കഞ്ഞി എത്തിക്കുന്നതിനും അതിലൂടെ എല്ലാവർക്കും ആരോഗ്യം പ്രദാനം ചെയ്തുകൊണ്ട് മികച്ച സംരംഭകരാവാൻ എല്ലാ കുടുംബശ്രീ അംഗങ്ങളും തയ്യാറാവണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ൻ്റെ കാലഘട്ടത്തിൽ നമ്മുടെ നിലനിൽപ്പ് നമ്മുടെ കയ്യിലാണെന്നും ആരോഗ്യപ്രദമായ ഭക്ഷണം ശീലമാക്കുന്നതിലൂടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാവണമെന്നും ബേബി ബാലകൃഷ്ണൻ പറഞ്ഞു.
പ്രാദേശികമായി ലഭിക്കുന്ന ഔഷധസസ്യങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന കർക്കിടക കഞ്ഞി ഓർമ്മശക്തിയും രോഗപ്രതിരോധശേഷിയൂം വർധിപ്പിക്കുകയും വയറ്റിലെ കുമിളകൾ നശിപ്പിക്കുന്നുവെന്നാണ് ആയുർവേദം പറയുന്നത്. കൂടാതെ രക്തശുദ്ധിക്കും കോശങ്ങളുടെ കേടുപാടുകളും വാതവേദനകളും കുറയ്ക്കുവാനും ശരീരത്തിലെ വിഷാംശങ്ങളെയൂം ചീത്ത കൊളസ്ട്രോളിനെയും പുറന്തള്ളാനും അത്യുത്തമമാണ് ആയുർവേദത്തിൽ പ്രതിപാദിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ രതീഷ് കുമാർ അധ്യക്ഷനായി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ മുഖ്യാതിഥിയായി. മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ ഷമീനയ്ക്ക് ഔഷധ കഞ്ഞിക്കൂട്ട് കൈമാറികൊണ്ട് കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ രതീഷ് കുമാർ ആദ്യ വില്പന നടത്തി. കുടുംബശ്രീ അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർ സി ഏച്ച് ഇക്ബാൽ,സിഡിഎസ് ചെയർപേഴ്സൺമാരായ ,മുംതാസ് അബൂബക്കർ, സുനിത, പി കെ കദീജ,സുമ,കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ ടി ജിതിൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ എ.ഡി.എം.സി ഡി ഹരിദാസ് സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ ടി പി ആതിര നന്ദിയും പറഞ്ഞു.ഫെസ്റ്റ് 26നു സമാപിക്കും
No comments