Breaking News

ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ സ്വർണമാല കാണാതായി: കുളത്തിൽ നിന്ന് കണ്ടെടുത്ത് നൽകി ഫയർഫോഴ്‌സ്

ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ മൂന്ന് പവന്റെ സ്വർണമാല ഫയർഫോഴ്‌സ് കുളത്തിൽ നിന്ന് കണ്ടെടുത്തു.
ഹൊസ്ദുർഗ് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ പ്രവാസി യുവാവിന്റെ സ്വർണമാലയാണ് കാണാതായത്. രാത്രിയും ഇന്നലെ രാവിലെയുമായി നാട്ടുകാരും മുങ്ങൽ വിദഗ്ധരുമെല്ലാം ഏറെ ശ്രമിച്ചിട്ടും മാല കണ്ടെടുക്കാനായില്ല. തുടർന്ന് ഉച്ചയോടെയാണ് കാഞ്ഞങ്ങാട് ഫയർഫോഴ്‌സിന്റെ സഹായം തേടിയത്. ഫയര്‍‌സ്റ്റേഷൻ ഓഫീസർ ആദർശ് അശോകിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി.
കാസർകോട് നിലയത്തിലെ സ്‌കൂബ ടീം അംഗങ്ങളായ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ഡ്രൈവർ ഇ പ്രസീദ്, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ എച്ച് ഉമേഷ് എന്നിവർ ചേർന്ന് കുളത്തിൽ മൂന്നര മീറ്റർ താഴ്ചയിൽ നിന്നാണ് മാല കണ്ടെടുത്തത്. മാർക്കറ്റ് വില അനുസരിച്ച് രണ്ടര ലക്ഷം രൂപയോളം വില വരുന്ന മാല കുളപ്പടവിൽ നിന്നു തന്നെ ഉടമയ്ക്ക് കൈമാറുകയും ചെയ്തു. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ദിലീപ്, സിവിൽ ഡിഫൻസ് അംഗം കിരൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
..............

No comments