നീലേശ്വരം അഴിത്തല അഴിമുഖത്ത് യന്ത്രവൽകൃത ഫൈബർ തോണി തിരയിൽപ്പെട്ട് മറിഞ്ഞു: 9 തൊഴിലാളികൾക്ക് പരിക്ക്; തോണി കടലിലേക്ക് ഒഴുകിപ്പോയി
നീലേശ്വരം അഴിത്തല അഴിമുഖത്ത് യന്ത്രവൽകൃത ഫൈബർ തോണി കൂറ്റൻ തിരമാലയിൽ പെട്ട് മറിഞ്ഞ് 9 മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു.
അനന്തംപള്ള മൂത്തൽ ഹൗസിലെ എം. അർജുനിന്റെ ഉടമസ്ഥതയിലുള്ള സീ ഫ്രണ്ട്സ് എന്ന തോണിയാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 6 മണിയോടെ തോണി കടലിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഒൻപത് തൊഴിലാളികളാണ് തോണിയിലുണ്ടായിരുന്നത്. തിരയടിച്ച് പ്രക്ഷുബ്ധമായ കടലിൽ വീണ ഇവർ ക്യാരിയർ വള്ളത്തിൽ നീന്തിക്കയറി കരയ്ക്കത്തി. തൈക്കടപ്പുറത്തെ മുഹമ്മദ് നിയാസ് (35), മുഹമ്മദ് അനസ് (45), മുഹമ്മദ് അഷ്റഫ് (50), മുഹമ്മദ് കുഞ്ഞി (50), മാഹി സ്വദേശി തൈക്കടപ്പുറത്തെ പ്രജി (32), അനന്തംപള്ളയിലെ എം. മധുസൂദനൻ, മടക്കരയിലെ മുഹമ്മദ് സെയ്ദ് (42), രണ്ട് അതിഥി തൊഴിലാളികൾ എന്നിവരാണ് തോണിയിൽ ഉണ്ടായിരുന്നത്. ഇവരെ ഉടൻ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെത്തിച്ചു. ശക്തമായ തിരയടിച്ച് മറിഞ്ഞ തോണി വലിഞ്ഞ് കടലിലേക്ക് ഒഴുകിപ്പോയി. രണ്ട് എഞ്ചിൻ, വല, വല വലിച്ചടുപ്പിക്കാനുള്ള യന്ത്രസാമഗ്രികൾ, ക്യാമറ എന്നിവ നശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. തോണിയെ കരയിലെത്തിക്കാൻ രക്ഷാബോട്ട് കടലിൽ ഇറങ്ങിയിട്ടുണ്ട്. തേജസ്വിനി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന തൊഴിലാളികളെ മത്സ്യഫെഡ് ഡയറക്ടർ വി.വി.രമേശൻ, മത്സ്യത്തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി സുഹാസ് എന്നിവർ സന്ദർശിച്ചു.
No comments