Breaking News

ആശങ്ക നീങ്ങി: കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ ടാങ്കറിലെ ഇന്ധനം പൂർണമായി മാറ്റി<> സഹകരിച്ച എല്ലാവർക്കും അഭിനന്ദനമറിയിച്ച് ജില്ലാ കലക്ടർ കെ ഇമ്പശേഖർ

ഒന്നര ദിവസത്തോളം നീണ്ട ആശങ്ക പൂർണമായി നീങ്ങി. 
കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ കൂറ്റൻ ഗ്യാസ് ടാങ്കറിലെ ഇന്ധനം പൂർണമായി മാറ്റി. ഇതിനായി മൂന്ന് ടാങ്കറുകൾ ഇന്നലെ തന്നെ ഇവിടെ സജ്ജമാക്കിയിരുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിലെ സാങ്കേതിക വിദഗ്ധരുടെയും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ഇതുസംബന്ധിച്ച നടപടികൾ. റോഡ് അരികിൽ മറിഞ്ഞ് കിടന്നിരുന്ന ടാങ്കർ ഇന്നലെ രാത്രി ഏഴ് മണിയോടെ തന്നെ ഉയർത്തിനിർത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ടാങ്കർ മറിഞ്ഞത്. ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഫയർഫോഴ്‌സ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് എന്നിവർക്കൊപ്പം നാട്ടുകാരും ഒത്തുചേർന്ന് ജാഗ്രതയോടെ നടത്തിയ പ്രവർത്തനത്തിന്റെ വിജയമാണിതെന്നും എല്ലാവരെയും അഭിനന്ദിക്കുന്നതായും ജില്ലാ കലക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. മികച്ച പിന്തുണ നൽകിയ മാധ്യമങ്ങളുടെയും തളിപ്പറമ്പ് കുപ്പത്ത് നിന്നെത്തിയ ഖലാസികളുടെയും സേവനങ്ങൾ കലക്ടർ എടുത്തുപറഞ്ഞു. എല്ലാതലത്തിലും സഹകരിച്ച എല്ലാവരെയും പ്രത്യേകം പ്രത്യേകം അഭിനന്ദിക്കുന്നതായും കലക്ടർ കൂട്ടിച്ചേർത്തു.

No comments