പിണറായി സർക്കാരിന്റെ വാഴ്ചക്ക് അന്ത്യം കുറിക്കാൻ പെൻഷൻകാർ അണിചേരണം: പി.സി. സുരേന്ദ്രൻ നായർ
പെൻഷൻകാരും, ജീവനക്കാരും, തൊഴിലാളികളും ഉൾപ്പെടെയുള്ള സമസ്ത മേഖലകളിലും ദുരിതം വിതച്ചുകൊണ്ട് ദുർഭരണം നടത്തുന്ന പിണറായി സർക്കാരിൻ്റെ തേർവാഴ്ചക്ക് അറുതി വരുത്തുന്നതിനും, യു.ഡി.എഫ് സർക്കാരിൻ്റെ തിരിച്ചുവരവിന് കളമൊരുക്കാനുമുള്ള യജ്ഞത്തിലും മുഴുവൻ സർവ്വീസ് പെൻഷൻകാരും അണി നിരക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. സുരേന്ദ്രൻ നായർ ആഹ്വാനം ചെയ്തു.
പരപ്പ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദർശന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും , സംഘടനയിലേക്ക് വന്ന നവാഗതർക്കുള്ള വരവേല്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെൻഷൻകാർ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും, അവകാശങ്ങളും ഇതുപോലെ അട്ടിമറിച്ച മറ്റൊരു സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യയിൽ മറ്റെല്ലായിടത്തും 35 % ക്ഷാമാശ്വാസം ലഭിക്കുമ്പോൾ ഇവിടെ കേവലം 15 % മാത്രമാണ്. 2024 ജൂലൈ 1 മുതൽ നടപ്പിലാക്കേണ്ടിയിരുന്ന 12-ാം പെൻഷൻ പരിഷ്ക്കരണത്തെ സംബന്ധിച്ച് കൊല്ലം ഒന്ന് കഴിഞ്ഞിട്ടും മിണ്ടാട്ടമില്ല. 118 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക കവർന്നെടുത്തു. കഴിഞ്ഞ പരിഷ്ക്കരണത്തിൻ്റെ ഭാഗമായുള്ള ക്ഷാമാശ്വാസത്തിൻ്റെ മൂന്നും നാലും ഗഡുക്കൾ പിടിച്ചു വെച്ചു. തകർന്നു തരിപ്പണമായ മെഡിസെപ്പ് പദ്ധതിയെ പു: നരാവിഷ്ക്കരിക്കാൻ യാതൊരു നടപടിയുമില്ല. ഈ സാഹചര്യത്തിൽ എൽ ഡി എഫ് സർക്കാരിൻ്റെ മൂന്നാം വരവ് അചിന്തനീയമാണ്.
നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു സേവ്യർ അദ്ധ്യക്ഷനായി.
സംസ്ഥാന കമ്മറ്റി മെമ്പർ ടി.കെ. എവുജിൻ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡൻ്റ് പി.പി. കുഞ്ഞമ്പു മുഖ്യപ്രഭാഷണം നടത്തി നവാഗതരെ വരവേറ്റു.
കെ എസ് എസ് പി എ കുടുംബത്തിലെ വിവിധ പ്രതിഭകളായ ഡോ. അനുശ്രീ, ഡോ. വി. അമൃത,സെബിൻ സെബാസ്റ്റ്യൻ എന്നിവരെ ജില്ലാ സെക്രട്ടറി തോമസ് മാത്യു ആദരിച്ചു.
നേതാക്കളായ ശാന്തമ്മ ഫിലിപ്പ്, എം.യു. തോമസ്, ബി. റഷീദ, എം.കെ. ദിവാകരൻ, ജി.മുരളീധരൻ, പി.എം. എബ്രഹാം, പി.എ. ജോസഫ്, കെ. കുഞ്ഞമ്പുനായർ, ഷേർളി ഫിലിപ്പ്, മിനി ജോസഫ്, ബാലൻ കക്കാണത്ത് എന്നിവർ പ്രസംഗിച്ചു.
No comments