നീലേശ്വരം കണിച്ചിറ- അനന്തൻപള്ള കൾവർട്ട് തകർന്നു: രണ്ട് വൈദ്യുതി തൂണുകൾ അപകടഭീഷണിയിൽ
നീലേശ്വരം കാഞ്ഞങ്ങാട് നഗരസഭകളുടെ അതിർത്തിയിൽ പെട്ട കണിച്ചിറ- തീർത്ഥങ്കര, അനന്തംപള്ള മേഖലകളെ ബന്ധിപ്പിക്കുന്ന കൾവർട്ട് തോടിന്റെ കുത്തൊഴുക്കിൽ തകർന്നു വീണതോടെ അപകടഭീഷണിയിലായത് രണ്ട് വൈദ്യുതി തൂണുകൾ.
കനത്ത മഴയ്ക്കിടെ ഒഴുക്ക് വർധിച്ചതിനെ തുടർന്നാണ് കല്ലുകൾ ഇളകി കോൺക്രീറ്റ് കൾവർട്ട് രണ്ട് മീറ്ററോളം താഴ്ന്ന് തോട്ടിൽ വീണത്. ഇതോടെ നിത്യേന ഇതുവഴി നടന്നുപോയിരുന്നവരുടെ യാത്രയും തടസപ്പെട്ടു. തോടിന് കുറുകെ അനന്തംപള്ളയിലേക്കുള്ള റോഡിന്റെ പണി തുടങ്ങാനിരിക്കെയാണ് കൾവർട്ട് തകർന്നത്. തോട്ടിന്റെ കരയിൽ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന രണ്ട് വൈദ്യുതി തൂണുകൾ കരയിടിഞ്ഞതോടെ തോട്ടിലാണ് കിടക്കുന്നത്. ഇതാകട്ടെ വലിയ അപകടഭീഷണിയും ഉയർത്തുന്നു. രണ്ട് തൂണിന്റെയും സ്റ്റേ കമ്പികൾ ദ്രവിച്ച നിലയിലാണ്. സ്റ്റേ കമ്പി വഴിയുള്ള വൈദ്യുത പ്രവാഹം തടയുന്ന ഇൻസുലേറ്റർ ഇല്ലാത്തത് അപകടസാധ്യതയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.
തകർന്ന കൾവർട്ട് നല്ല അടിത്തറ നൽകി ആവശ്യമായ ഉയരത്തിൽ ഉടൻ പുനർനിർമിക്കണമെന്നും അനന്തൻപള്ളയെ ബന്ധിപ്പിക്കുന്ന റോഡിന്റെ പ്രവൃത്തി ടെൻഡർ നടപടികൾ പൂർ്ത്തിയാക്കി ഉടൻ തുടങ്ങണമെന്നും വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭ പ്രതിപക്ഷനേതാവ് എം.പി.ജാഫർ, കോൺഗ്രസ് കൗൺസിലർമാരായ കെ.കെ.ബാബു, വി.വി.ശോഭ എന്നിവരുടെ നേതൃത്വത്തിൽ ഇവിടം സന്ദർശിച്ച് അപകടസ്ഥിതി വിലയിരുത്തി. കോൺഗ്രസ് നേതാക്കളായ വി.വി.സുധാകരൻ, സുരേഷ് കൊട്രച്ചാൽ, എം.എം.നാരായണൻ, ബാലകൃഷ്ണൻ മാടായി, എം.എം.രാഘവൻ, വി.വി.പുരുഷോത്തമൻ, ഗോവിന്ദ് രാജ് ആയത്താർ തീർത്ഥങ്കര തുടങ്ങിയവർ കൂടെയുണ്ടായി.
No comments