തെരുവുനായ ശല്യത്തിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണം:സ്കൂൾ പിടിഎ
നാടിന്റെ മനസ്സമാധാനം തകർക്കും വിധം വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ജീവനു തന്നെ ഭീഷണിയായി തീർന്നിരിക്കുന്ന തെരുവുനായ ശല്യത്തിനെതിരെ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂൾ പിടിഎ ജനറൽബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.പഞ്ചായത്തിൻ്റെ പല ഭാഗങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാണ്.വിവിധ പ്രദേശങ്ങളിൽ നിന്നായി സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യുപി സ്കൂളാണ് കുമ്പളപ്പള്ളി യു പി സ്കൂൾ. ഇതിൽ പല കുട്ടികളും കാൽനടയായാണ് സ്കൂളിലേക്ക് വരുന്നതും പോകുന്നത് .പലപ്പോഴും തെരുനായ്ക്കളെ പേടിച്ച് ഭയപ്പാടോടെയാണ് കുട്ടികൾ സഞ്ചരിക്കുന്നത്. കൂട്ടം കൂടി വിഹരിക്കുന്ന തെരുവുനായ്ക്കൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ടൂവീലർ പോലുള്ള ചെറുവാഹന യാത്രക്കാർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.സ്കൂൾ കോമ്പൗണ്ടിനകത്തും ഇവറ്റകൾ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്.ഇത് വലിയൊരു അപകടത്തിലേക്ക് തന്നെ കാര്യങ്ങൾ പോകുന്ന സ്ഥിതിയായിരിക്കുകയാണ് .നിയമ പ്രശ്നം ഉള്ളതിനാൽ സ്കൂൾ അധികൃതർക്ക് ഒന്നും ചെയ്യാനും കഴിയുന്നില്ല.പല സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം വ്യാപകമാകുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.പ്രശ്നത്തിൽ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. അതു കൊണ്ട് തെരുവ് നായ്ക്കളെ പൂർണ്ണമായും ഇല്ലായ്മ ചെയ്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുഴുവനാളുകളുടെയും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് തന്നെ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനറൽബോഡി യോഗം സ്കൂൾ മാനേജർ കെ
വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ പി ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് പി വി ഇന്ദുലേഖ വരവ് ചിലവ് കണക്കുകളും കെ രജനി അനുശോചനവും അവതരിപ്പിച്ചു. എം പി ടി എ പ്രസിഡണ്ട് സിന്ധു വിജയകുമാർ, പിടിഎ വൈസ് പ്രസിഡണ്ട് വാസു കരിന്തളം എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ ബിനു സ്വാഗതവും എസ് ആർ ജി കൺവീനർ സിന്ധു രാമചന്ദ്രൻ നന്ദിയും പറഞ്ഞു. പുതിയ പിടിഎ പ്രസിഡണ്ടായി ടി സിദ്ദിഖ്, വൈസ് പ്രസിഡണ്ട് വാസു കരിന്തളം ,മദർ പിടിഎ പ്രസിഡന്റ് ജോസ്ലിൻ ബിനു, വൈസ് പ്രസിഡണ്ടായി പി അമൃത .എന്നിവരെ തെരഞ്ഞെടുത്തു .
No comments