Breaking News

തിരുവനന്തപുരം മംഗളൂരു എക്സ്പ്രസിലെ രണ്ട് ജനറൽ കംപാർട്ട്മെന്റുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പരക്കം പാഞ്ഞ് യാത്രക്കാർ

നമ്പർ: 16347 തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസിലെ രണ്ട് ജനറൽ കംപാർട്ട്മെന്റുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ യാത്രക്കാർ അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം.
സാധാരണയായി മുന്നിലും പിന്നിലുമായി രണ്ട് വീതം ജനറൽ കോച്ചുകളും പിന്നിൽ ഒരു ലേഡീസ് കോച്ചുമാണ് ട്രെയിനിന് ഉള്ളത്. സ്ഥിരം യാത്രക്കാർ ഉൾപ്പെടെയുളളവർ ഈ കോച്ച് പൊസിഷൻ കണക്കാക്കിയാണ് ട്രെയിൻ എത്തുമ്പോഴേക്കും പ്ലാറ്റ്ഫോമിൽ നിലയുറപ്പിക്കാറുള്ളതും. ഇന്ന് മംഗളൂരുവിൽ നെറ്റ് പരീക്ഷ കൂടി ഉള്ളതിനാൽ സാധാരണ ഉണ്ടാകാറുള്ളതിലും അധികം യാത്രക്കാർ ഉണ്ടായിരുന്നു. എന്നാൽ ട്രെയിൻ നീലേശ്വരം സ്റ്റേഷനിൽ എത്തിയപ്പോഴാണ് പിറകിലെ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളും ഇന്ന് ഇല്ലെന്ന് യാത്രക്കാർ അറിഞ്ഞത്. നെറ്റ് പരീക്ഷാ കേന്ദ്രം മംഗളൂരുവിലായതിനാൽ വനിതകൾക്ക് ഒപ്പം രക്ഷിതാക്കളും ഉണ്ടായിരുന്നു. വനിതാ പരീക്ഷാർത്ഥികളും ഉദ്യോഗസ്ഥകളും എല്ലാം ഒരുവിധം ലേഡീസ് കമ്പാർട്ട്മെന്റിൽ കയറിപ്പറ്റിയെങ്കിലും മറ്റുള്ളവർ കയറാവുന്ന കോച്ചുകൾ തിരഞ്ഞ് വെപ്രാളത്തോടെ ഓടി നടക്കേണ്ടി വന്നു. ചിലർ തൊട്ടടുത്ത സ്റ്റേഷൻ വരെ ലേഡീസ് കോച്ചിൽ തന്നെ നിലയുറപ്പിച്ചു. ലേഡീസ് കോച്ച് കഴിഞ്ഞിങ്ങോട്ട് എ.സി. കോച്ചുകൾ ആയതിനാൽ ഇതിന് അകത്തു കൂടി തന്നെ സ്ലീപ്പർ കോച്ചുകളിലെത്താൻ ശ്രമിച്ചെങ്കിലും ടി.ടി.ഇ. അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ഇവരും അടുത്ത സ്റ്റേഷനിൽ ഇറങ്ങി സ്ലീപ്പർ കോച്ചുകൾ പരതി ഓടി നടക്കേണ്ടി വന്നു. റെയിൽവേയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് യാത്രക്കാരിൽ നിന്ന് ഉയർന്നത്. രാവിലെ 8.54 ന് കണ്ണൂർ -മംഗളൂരു പാസഞ്ചർ കടന്നുപോയാൽ പിന്നെ 9.11 ന് എത്തുന്ന ഈ ട്രെയിനാണ് കാസർകോട് ഭാഗത്തേക്കുള്ള ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർക്ക് ആശ്രയം. മംഗളൂരുവിലേക്ക് ചികിത്സാ ആവശ്യത്തിനായി പോകുന്നവരും ഈ ട്രെയിനിനെ ആശ്രയിക്കാറുണ്ട്. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ പാസഞ്ചേഴ്സ് അസോസിയേഷനുകളുടെയും ജനപ്രതിനിധികളുടെയുമെല്ലാം അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

No comments