ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് നീലേശ്വരം നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ സഭയൊരുക്കി
സംസ്ഥാന സർക്കാർ വിവര സാങ്കേതിക വിദ്യ പോലും അഴിമതിക്കായി ഉപയോഗിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.സി.എ.റഹ്മാൻ കുറ്റപ്പെടുത്തി.
ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് നീലേശ്വരം നഗരസഭയ്ക്ക് മുന്നിൽ ഒരുക്കിയ പ്രതിഷേസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ സ്മാർട്ട് പോലുള്ള പുതിയ സോഫ്റ്റ് വെയറും മൊബൈൽ ആപ്ലിക്കേഷനുകളും നടപ്പിലാക്കി ഇടത് സർക്കാർ ജനങ്ങളെ ദുരിതക്കയത്തിലാക്കിയിരിക്കുകയാണ്. മുൻകാലങ്ങളിൽ എളുപ്പത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ ഇടപെടലുകൾ ചെയ്യാൻ സാധിച്ചിരുന്ന സോഫ്റ്റ് വെയർ സംവിധാനങ്ങൾ യാതൊരു മുൻകരുതലുകളും ഇല്ലാതെ സർക്കാർ നടപ്പാക്കിയത് സ്വന്തക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിന് വേണ്ടി മാത്രമാണെന്നും കുറ്റപ്പെടുത്തി. ആരോഗ്യമേഖല ഉൾപ്പെടെ കുത്തഴിഞ്ഞ സ്ഥിതിയിലാക്കിയ ഇടത് സർക്കാരിനെതിരെ ജനരോഷം ആളുകയാണെന്നും കൂട്ടിച്ചേർത്തു. യുഡിഎഫ് നീലേശ്വരം നഗരസഭ പാർലമെന്ററി പാർട്ടി ഉപനേതാവ് റഫീഖ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ, യുഡിഎഫ് നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീർ, മുസ്‌ലിം ലീഗ് നേതാക്കളായ ഫുഹാദ് ഓർച്ച, സി.മുഹമ്മദ്കുഞ്ഞി, അഡ്വ.കെ.പി. നസീർ, കെ.പി.മഹമൂദ് ഹാജി, ടി.കെ. നൂറുദ്ദീൻ ഹാജി, എൽ.ബി.റഷീദ്, ഇ.കെ.അബ്ദുൽ മജീദ്, ഇസ്മായിൽ കബർദാർ, അബ്ദുൽ റഹ്മാൻ, നഗരസഭ കൗൺസിലർമാരായ പി.ബിന്ദു, ഇ. അശ്വതി, പി.കെ.ലത, വനിതാലീഗ് നേതാക്കളായ വി.കെ. റഷീദ, പി.പി.നസീമ എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർ അൻവർ സാദിഖ് സ്വാഗതവും മഹമൂദ് കോട്ടായി നന്ദിയും പറഞ്ഞു.
No comments