സി പി ഐ ജില്ലാ സമ്മേളനം സമാപിച്ചു: സി പി ബാബു വീണ്ടും ജില്ലാ സെക്രട്ടറി
വെള്ളരിക്കുണ്ടിൽ നടന്ന സിപിഐ ജില്ലാ സമ്മേളനം സമാപിച്ചു.
ദേശീയപാത നിർമാണത്തിലെ ഗുരുതര അനാസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നും ജില്ലയിൽ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയായി സി.പി.ബാബുവിനെ വീണ്ടും തിരഞ്ഞെടുത്തു. എളേരിത്തട്ട് സ്വദേശിയായ സി.പി.ബാബു കയ്യൂർ രക്തസാക്ഷി പൊടോര കുഞ്ഞമ്പു നായരുടെ സഹോദരീ പൗത്രനാണ്. 1975 ൽ ബാലവേദി യൂനിറ്റ് സെക്രട്ടറിയായാണ് പ്രവർത്തനം തുടങ്ങിയത്. 1984 ൽ എഐഎസ്എഫ് ജില്ലാ സെക്രട്ടറിയായും 1992 ൽ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ആയും പ്രവർത്തിച്ചു. സിപിഐ നീലേശ്വരം മണ്ഡലം സെക്രട്ടറിയായും മലയോര പഞ്ചായത്തുകളെ ഉൾപ്പെടുത്തി പരപ്പ മണ്ഡലം കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിന്റെ സെക്രട്ടറി ആയും പ്രവർത്തിച്ചു. 2011 ൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി. ജില്ലാ അസിസ്്റ്റന്റ് സെക്രട്ടറി, ബികെഎംയു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ സെക്രട്ടറി, പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, കാസർകോട് ഡിസ്ട്രിക്ട് റബർ ആന്റ് കാഷ്യു ലേബർ യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതനായ അപ്പൂഞ്ഞി നായരുടെയും സി പി കാർത്യായനി അമ്മയുടെയും മകനാണ്. ഭാര്യ: എൻ.ഗീത. മക്കൾ: സ്‌നേഹ ബാബു, അർദ്ധേന്ദുഭൂഷൺ ബാബു. മരുമകൻ: ജിതിൻ ജയദേവൻ. സമ്മേളനം മൂന്ന് കാൻഡിഡേറ്റ് അംഗങ്ങൾ ഉൾപ്പെടെ 38 അംഗ ജില്ലാ കൗൺസിലിനെയും ഒൻപത് അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എം പി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി പി മുരളി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി വസന്തം, കെ കെ അഷ്‌റഫ്, ടി വി ബാലൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി സി പി ബാബു പൊതു ചർച്ചയ്ക്ക് മറുപടി പറഞ്ഞു.
No comments