വീരമലക്കുന്നിലെ മണ്ണിടിച്ചിൽ: വാഹനങ്ങൾ വഴിതിരിച്ചു വിട്ടതിനെ തുടർന്ന് മടിക്കൈ കണിച്ചിറ വളവിൽ ഗതാഗതക്കുരുക്ക്; റോഡിൽ കുടുങ്ങിയ ലോറി വലിച്ചു മാറ്റി
ദേശീയപാതയിലെ മയ്യിച്ച വീരമലക്കുന്ന് റോഡിലേക്ക് ഇടിഞ്ഞതിനെ തുടർന്ന് ഗതാഗതം വഴിതിരിച്ചു വിട്ടതിനാൽ വാഹനത്തിരക്കുണ്ടായ മടിക്കൈ കണിച്ചിറ വളവിൽ ഗതാഗതക്കുരുക്ക്.
കൂറ്റൻ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇതുവഴി സർവീസ് തുടർന്നത്. ഇതിനിടെ ഒരു ലോറി കണിച്ചിറ വളവിൽ കുടുങ്ങുകയും ചെയ്തു. ക്രെയിൻ എത്തിച്ച് ഏറെ നേരം കഴിഞ്ഞാണ് ഇത് വലിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ഈ നേരമത്രയും ഇരുവശത്തും വലിയ വാഹന നിരയുണ്ടായി. കഴിഞ്ഞ ദിവസം ഇവിടെ ട്രെയിലർ അപകടത്തിൽ പെട്ടിരുന്നു. അതിനിടെ മണ്ണിടിഞ്ഞതിനെ തുടർന്ന് അപകടനിലയിലായ വീരമലക്കുന്നിന് സമീപത്തു കൂടി ടാങ്കർ, ഹെവി വാഹനങ്ങൾ മാത്രം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കടത്തി വിടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രാവാഹനങ്ങളെല്ലാം സമാന്തര റോഡുകളിലൂടെ വഴിതിരിച്ചു വിടുകയാണ്. വീരമല റൂട്ടിലൂടെ യാത്രാവാഹനങ്ങൾക്ക് കടന്നുപോകാൻ അനുമതി നൽകിയിട്ടില്ല. ഇവിടെ പോലീസ് നിന്നാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്.
No comments