Breaking News

ടാങ്കർലോറി അപകടം: കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെ നാളെ പ്രാദേശിക അവധി <> നാളെ രാവിലെ 8 മണി മുതൽ ഇതുവഴി പടന്നക്കാട് ദേശീയപാത വരെ ഗതാഗതവും തടസപ്പെടും

ദേശീയപാതയിലെ കാഞ്ഞങ്ങാട് സൗത്തിലെ സർവീസ് റോഡിൽ ഉണ്ടായ ടാങ്കർ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിൽ നാളെ കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെ  പ്രാദേശിക അവധി പ്രഖ്യാപിച്ചു.
കാഞ്ഞങ്ങാട് നഗരസഭയിലെ 18, 19, 26 വാർഡുകളുടെ പരിധിയിലാണ് അവധി പ്രഖ്യാപിച്ചത്. സ്‌കൂൾ, അങ്കണവാടി, കടകൾ ഉൾപ്പെടെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെ ഹൈവേ ഗതാഗതം പൂർണമായി തടസപ്പെടും. വാഹനങ്ങൾ വഴി തിരിച്ചുവിടും. ഇവിടങ്ങളിലെ താമസക്കാർക്കും സുരക്ഷാനിർദേശങ്ങളുണ്ട്. വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനോ പുകവലിക്കാനോ ഇൻവർട്ടർ ഉപയോഗിച്ച് വൈദ്യുതിയോ വൈദ്യുതോപകരണങ്ങളോ ഉപയോഗിക്കാനും പാടില്ല. വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാനും പാടില്ല. അപകടം നടന്ന സ്ഥലത്ത് വീഡിയോ ചിത്രീകരിക്കുന്നതും പൊതുജനങ്ങൾ പ്രവേശിക്കുന്നതും പൂർണമായി നിരോധിക്കും. അപകടത്തിൽ പെട്ട് മറിഞ്ഞ ടാങ്കർ ലോറി ഉയർത്തുന്നതു വരെ വൈദ്യുതി ബന്ധവും ഉണ്ടാകില്ലെന്നും അറിയിച്ചു.

No comments