Breaking News

ജീവകാരുണ്യ പ്രവർത്തകനും നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി ഡയറക്ടറുമായ ബാലൻ പയ്യന്നൂർ (79) അന്തരിച്ചു. സംസ്കാരം നാളെ

ബഹറിനിലും പിന്നീട് നാട്ടിലും ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ബാലൻ പയ്യന്നൂർ (79) അന്തരിച്ചു. പടന്നക്കാട് നെഹ്റു കോളേജിന് സമീപമായിരുന്നു താമസം. ബഹറിൻ ഇന്ത്യൻ ക്ലബ്, കേരളീയ സമാജം, സഹൃദയ പയ്യന്നൂർ തുടങ്ങിയ പ്രവാസി സംഘടനകളുടെ സംഘാടകനായിരുന്നു. ജീവകാരുണ്യ പ്രവർത്തനത്തിലൂടെ നൂറുകണക്കിനാളുകളുടെ കണ്ണീരൊപ്പുകയും കൈത്താങ്ങേകുകയും ചെയ്ത ഇദ്ദേഹം സ്നേഹം, സേവനം, സഹായം, സന്നദ്ധത എന്നിവയുടെ പ്രതിരൂപമായിരുന്നു. ദേശ, വിദേശങ്ങളിൽ അതിവിപുലമായ സൗഹൃദ വലയത്തിനുടമയായിരുന്നു. ചെന്നൈ ആവഡിയിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ഓർഡിനൻസ് ഫാക്ടറിയിൽ മെറ്റീരിയൽ ഇൻസ്പെക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി ഡയറക്ടർ ആയിരുന്നു. ഭാര്യ: സി.എച്ച്. ശാരദ (റിട്ട. ഹെഡ് നഴ്സ്, ഗവ. മെഡിക്കൽ കോളേജ്, ബഹറിൻ) .മകൻ: അവിനാഷ് ബാലൻ (ബഹറിൻ), മരുമകൾ: വിഗീഷ അവിനാഷ്. തേജസ്വിനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം പടന്നക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും.  സംസ്കാരം വൈകുന്നേരം 4 മണിക്ക് നീലേശ്വരം മാർക്കറ്റിലെ കദളിക്കുളം സമുദായ ശ്മശാനത്തിൽ.

No comments