നീലേശ്വരം അഴിത്തലയിൽ തെരുവുനായ ശല്യം അതിരൂക്ഷം.ഇന്ന് 4 പേർക് കടിയേറ്റു
നീലേശ്വരം നഗരസഭയിലെ കടലോര വാർഡ് ആയ അഴിത്തലയിൽ തെരുവുനായ ശല്യം അതിരൂക്ഷം.
ഇന്ന് 4 പേർക്കാണ് ഇവിടെ തെരുവുനായയുടെ കടിയേറ്റത്. വാർഡ് കൗൺസിലർ പി.കെ.ലതയുടെ മകൻ ദിലീപ്, അഴിത്തലയിലെ ഗിരിജ ബാലൻ, അനിത സുഗുണദാസ്, തൈക്കടപ്പുറം ബോട്ട് ജെട്ടിയിലെ രാജേഷ് നാരായണൻ എന്നിവർക്കാണ് കടിയേറ്റത്. തൈക്കടപ്പുറം - അഴിത്തല റോഡ് തെരുവുനായക്കൂട്ടം കയ്യടക്കിയ സ്ഥിതിയാണ്. ഇവിടങ്ങളിൽ വീടുകളുടെ കാർപോർച്ചിലും സിറ്റൗട്ടിലുമെല്ലാം തെരുവുനായക്കൂട്ടം വിഹരിക്കുകയാണ്. നായ്ക്കൂട്ടം രാപകലില്ലാതെ കടിപിടി കൂടിയും കുരച്ചു ചാടിയും ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. റോഡിലൂടെ നടന്നു പോകാൻ തന്നെ ആളുകൾക്ക് ഭയമാണ്. കുട്ടികൾ സ്കൂളിലും മദ്രസകളിലും പോയി തിരിച്ചു വരുന്നതും കാത്ത് റോഡുകളിലും വഴിയോരത്തും രക്ഷിതാക്കൾ കാത്തു നിന്ന് കാവൽ കൊടുക്കേണ്ട സ്ഥിതിയും ഇവിടെയുണ്ട്. വളർത്തുമൃഗങ്ങളെയും പക്ഷികളെയുമെല്ലാം ഇവ കൂട്ടത്തോടെയെത്തി കൊന്നൊടുക്കിയ അനുഭവങ്ങളും ഉണ്ട്. തൊട്ടടുത്ത പുറത്തേക്കൈ പ്രദേശത്തും സ്ഥിതി വ്യത്യസ്തമല്ല. തെരുവുനായ ഭീഷണി അമർച്ച ചെയ്യാൻ അധികൃതർ കർശന നടപടി സ്വീകരിക്കാത്തതിനെതിരെ തീരദേശ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ രോഷം പുകയുകയാണ്. കടിഞ്ഞിമൂല പ്രദേശത്ത് കഴിഞ്ഞയാഴ്ച പത്തോളം പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയിരുന്നു.
No comments