Breaking News

കലശത്തട്ടുകൾ അലങ്കരിച്ചൊരുക്കി: നീലേശ്വരം മന്നൻപുറത്തുകാവിൽ പുറത്തേക്കലശം നാളെ



കളരികളിൽ കലശത്തട്ടുകൾ അലങ്കരിച്ചൊരുക്കിയതോടെ നീലേശ്വരം മന്നൻപുറത്തുകാവ് കലശ മഹോത്സവത്തിൽ തെയ്യക്കോലങ്ങളുടെ തിരുമുടി ഉയരാൻ ഇനി ഒരു രാപകലിന്റെ കാത്തിരിപ്പ്.
നാളെ വൈകിട്ടാണ് പുറത്തേ കലശം. ഇതിനു മുന്നോടിയായി നാളെ വടക്കെ കളരിയിൽ നിന്നും നിത്യ കലശവും പോത് കലശവും പുറപ്പെടും. പത്ത് മണിയോടു കൂടി കോലധാരികൾ ക്ഷേത്രത്തിലേക്ക് പുറപ്പെടും.തിരുവർക്കാട്ട് ഭഗവതിയുടെ കോലധാരിയായ സുരേഷ് ബാബു അഞ്ഞൂറ്റാൻ വടക്കെ കളരിയിലെത്തി കലശത്തെ വന്ദിച്ച് കാവിലെത്തിച്ചേരും. ക്ഷേത്രപാലകൻ കോലധാരിയായ കിണാവൂർ രാജീവൻ നേണിക്കം, നടയിൽ ഭഗവതി കോലധാരിയായ പ്രസാദ് കർണ്ണമൂർത്തി എന്നിവർ തെക്കെ കളരിയിലെത്തി കലശത്തെ വന്ദിച്ച് ക്ഷേത്രത്തിലെത്തും. തുടർന്ന് ഉച്ചത്തോറ്റം. ഉച്ചയ്ക്ക് രണ്ടു മണിയോടെ വടക്കെ കളരിയിൽ നിന്നും ഓലകൊണ്ടുവരും. തുടർന്ന് വടക്ക്,തെക്ക് കളരികളിൽ നിന്ന് അലങ്കരിച്ച കലശങ്ങൾ മാറ്റിൽ പൊതിഞ്ഞ് ക്ഷേത്രത്തിലെത്തിക്കും. വടക്കെ കളരിയിൽ നിന്നുള്ള കലശം ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നും മീൻ കോവ കാവിൽ പ്രവേശിക്കും. തുടർന്ന് ജന്മ കണിശൻ കുട സമർപ്പണം നടത്തും.പ്രസന്ന പൂജയ്ക്ക് ശേഷം എറുവാട്ടച്ഛൻ നാളികേരമുടയ്ക്കുന്നതോടെ തിരുവർക്കാട്ട് ഭഗവതി, ക്ഷേത്രപാലകൻ എന്നീ തെയ്യങ്ങളുടെ തിരുമുടി ഉയരുന്നതോടെ വടക്ക്, തെക്ക് കളരികളിലെ കലശങ്ങൾ വാല്യക്കാർ ആർപ്പുവിളിയോടെ ചുമലിലേറ്റി ക്ഷേത്രം വലം വെക്കും. നടയിൽ ഭഗവതി,കൈക്കളോൻ തെയ്യം എന്നീ തെയ്യങ്ങളും ഇതോടൊപ്പം ക്ഷേത്ര പ്രദക്ഷിണം നടത്തും. നാലാം തിയ്യതി ക്ഷേത്രം തന്ത്രി മയ്യിൽ വാഴുന്നവരുടെ കാർമ്മികത്വത്തിൽ ശുദ്ധികലശം നടത്തും. അന്നേ ദിവസം പ്രസിദ്ധമായ കലശചന്തയും ഉണ്ടാകും.

No comments