പി ഐ ടി, എൻ ഡി പി എസ് ആക്ട്: ജില്ലയിൽ നാലാമത്തെയാൾ പിടിയിൽ
മയക്കുമരുന്ന് കേസിലെ പ്രതിയായ കൊളവയൽ സ്വദേശിയെ പി ഐ ടി, എൻ ഡി പി എസ് ആക്ട് പ്രകാരം ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു.
ഇട്ടമ്മലിലെ പി പി നിസാമുദ്ദീനെ (35) യാണ് അറസ്റ്റ് ചെയ്തത്. തുടർച്ചയായി ലഹരികേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ ചുമത്തുന്ന പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് നിയമപ്രകാരം ജില്ലയിൽ നാലാമത്തെ അറസ്റ്റ് ആണിത്. കാഞ്ഞങ്ങാട് പോലീസ് സബ് ഡിവിഷനിലെ ആദ്യ അറസ്റ്റും. ജില്ലാ പോലീസ് മേധാവി ബി വി വിജയഭാരത് റെഡ്ഡിയുടെ നിർദേശ പ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി, ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ഹൊസ്ദുർഗ് സി ഐ, പി അജിത് കുമാർ, സബ് ഇൻസ്‌പെക്ടർ എ ആർ ശാർങധരൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം പ്രകാശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി ആർ സനോജ്, സി വി ബൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാന സർക്കാർ ഒരു വർഷത്തേക്ക് തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ട ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. മഞ്ചേശ്വരം, ബേക്കൽ പോലീസ് സ്‌റ്റേഷനുകളിലെ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഇയാൾ. 72. 73 ഗ്രാം എം ഡി എം എ കൈവശം വച്ചതിന് കഴിഞ്ഞ ഡിസംബറിൽ തലപ്പാടിയിൽ പിടിയിലായ ഇയാൾക്കെതിരെ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിൽ കേസുണ്ട്. ബേക്കൽ പോലീസ് സ്‌റ്റേഷനിൽ രണ്ട് ലഹരി കേസുകളുമുണ്ട്.
No comments