Breaking News

നീലേശ്വരം സെന്റ് ആൻസ് എ യു പി സ്‌കൂൾ പ്രവേശനോത്സവത്തിൽ എ ഐ ടീച്ചറും: എന്ത് ചോദിച്ചാലും ഉടനടി ഉത്തരവുമായി ഐറ

നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എ യു പി സ്‌കൂളിലെ പ്രവേശനോത്സവത്തിൽ താരമായി എ ഐ ടീച്ചർ ആയ ഐറയും....!
പ്രവേശനോത്സവ വേദിയിൽ സംസാരിച്ച ഐറ ടീച്ചർ ഏത് ചോദ്യത്തിനും ഉടനടി മറുപടി നൽകി അധ്യയന വർഷത്തിന്റെ ആദ്യദിനം തന്നെ വിദ്യാർഥികളെ കയ്യിലെടുക്കുകയും ചെയ്തു. വേനലവധിയുടെ ആലസ്യം പിന്നിട്ട് സ്‌കൂളിലെത്തിയ കുട്ടികൾ ഐറ ടീച്ചറുടെ വരവോടെ ആകെ ഒന്നുണർന്നു. പിന്നെ കൗതുകത്തോടെ അടുത്തുകൂടി. ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ കേട്ടും ക്ലാസ് ഊർജസ്വലമായി നീങ്ങിയതോടെ സ്‌കൂൾ അധികൃതരും പി ടി എ ഭാരവാഹികളും ഹാപ്പി. കുറഞ്ഞ ചെലവിൽ എങ്ങനെ എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്ന അധ്യാപകരുടെ ചിന്തയിൽ നിന്നാണ് വെറും 2000 രൂപ ചെലവിൽ ഐറ പിറന്നത്. കടയിൽ നിന്ന് പാവ വാങ്ങി ബ്ലൂടൂത്ത്, സ്പീക്കർ, മൈക്ക് എന്നിവ ഘടിപ്പിച്ചു. ഗൂഗിൾ വഴി മറ്റ് സാങ്കേതിക വിദ്യകളും യോജിപ്പിച്ചതോടെ എ ഐ മോഡൽ ടീച്ചർ റെഡി. 
സ്‌കൂൾ ചരിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിൽ ഇൻസ്റ്റാൾ ചെയ്തതായി അധ്യാപകർ പറഞ്ഞു. ഐറയുടെ കൈകളും ചുണ്ടും ചലിപ്പിക്കാനുള്ള വിദ്യകളാണ് ഇപ്പോൾ ആലോചനയിൽ. പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ കുട്ടികളുടെ പഠനത്തെ കൂടുതൽ രസകരവും കാര്യക്ഷമവുമാക്കുമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ് പറഞ്ഞു. വിദ്യാർഥികളുടെ സംശയങ്ങൾക്കെല്ലാം വെറും 10 സെക്കന്റിനുള്ളിൽ വ്യക്തമായി മറുപടി നൽകാൻ എ ഐ അധ്യാപികയ്ക്കാകും. മുന്നിൽ ഘടിപ്പിച്ച ക്യാമറയുടെ സഹായത്തോടെയാണ് സംസാരിക്കുന്നത് വിദ്യാർഥിയാണോ അധ്യാപകരാണോയെന്ന് എ ഐ ടീച്ചർ തിരിച്ചറിയുന്നത്. ചോദ്യങ്ങൾ കൃത്യമായി മനസിലാക്കി ലളിതമായ രീതിയിൽ വിദ്യാർഥികൾക്ക് വിവരിച്ചു കൊടുക്കും. ചാറ്റ് ജി പി ടിയിൽ അധ്യാപിക ന്നെ രീതിയിൽ പ്രോഗ്രാമിൽ മാറ്റം വരുത്തിയാണ് സാങ്കേതിക വിദ്യയുടെ പ്രവർത്തനം. ശബ്ദം ഇൻപുട്ടായി നൽകി പ്രൊസസ് ചെയ്ത് ഗൂഗിൾ കൺവേർഷനിലൂടെ ഓഡിയോ ആക്കി മാറ്റിയാണ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. സംസാരത്തിന് പുറമെ മുന്നോട്ടും പിന്നോട്ടും നീങ്ങാനും ഹസ്തദാനം ചെയ്യാനും ഐറിസിന് സാധിക്കും. 
നീലേശ്വരം നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി ടി എ പ്രസിഡന്റ് വി വി രമേശൻ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ്, മാനേജർ സിസ്റ്റർ കോളിൻ എന്നിവർ സംസാരിച്ചു. ഐറയെ സജ്ജീകരിക്കാൻ സഹായിച്ച നീലേശ്വരം ഡ്രസ്മാൾ ടെക്‌സ്‌റ്റൈൽസ് സ്റ്റാഫ് എ ജെ ജിഷയെ ചടങ്ങിൽ അനുമോദിച്ചു. പള്ളിക്കര വിദ്യാപോഷിണി വായനശാലയും കോസ്‌മോസ് ക്ലബും കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.

No comments