Breaking News

നീലേശ്വരത്തെത്തിയത് ഇഎംഎസ് മത്സരിക്കുന്നതിന്റെ ആവേശത്തിൽ: അത്തിക്കാവിൽ അലവി പിന്നെ നീലേശ്വരക്കാരനായി

സ്വന്തം നാട്ടുകാരനായ ഇ എം എസ് നമ്പൂതിരിപ്പാട് ആദ്യ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതിന്റെ ആവേശത്തിൽ നീലേശ്വരത്തെത്തി പിന്നീട് നീലേശ്വരത്തുകാരൻ തന്നെയായി മാറിയ ചരിത്രമാണ് ഇന്ന് നിര്യാതനായ മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കരയിലെ അത്തിക്കാവിൽ അലവി (85) യുടേത്.
നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽ ഇ എം എസ് സ്ഥാനാർത്ഥിയായതറിഞ്ഞ് ആവേശം കൊണ്ട് നീലേശ്വരത്തേക്ക് ട്രെയിൻ കയറിയതാണ് ഇദ്ദേഹം. തിരിച്ചു പോകാതെ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട് പിന്നീട് ഇവിടെത്തന്നെ കൂടി. ഒരു ജോലി വേണമല്ലോയെന്നായപ്പോൾ ഇന്നത്തെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ബെഡ്ഷീറ്റുകളും തുണികളും അലക്കിക്കൊടുക്കുന്ന ജോലിയേറ്റു. പിന്നീട് ഇതൊഴിവാക്കി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ സ്വന്തമായി ഇസ്തിരിക്കട തുടങ്ങി. സി പി എം സംസ്ഥാന സമിതി അംഗം കെ പി സതീഷ് ചന്ദ്രൻ ഉൾപ്പെടെ ഇടത്, വലതു ഭേദമില്ലാതെ നീലേശ്വരത്തെ രാഷ്ട്രീയനേതാക്കളുടെയെല്ലാം വസ്്ത്രങ്ങൾ ഇസ്തിരിയിട്ട് വടിവ് വരുത്തിയിരുന്നത് അലവിയായിരുന്നു. പിന്നീട് ഇസ്തിരിക്കട വീട്ടിലേക്ക് മാറ്റിയപ്പോഴും പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ശീലം വിട്ടില്ല. ഇക്കുറി നടന്ന ബ്രാഞ്ച് സമ്മേളനത്തിൽ ഇദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.

No comments