Breaking News

നീലേശ്വരം റെയിൽവേ സ്റ്റേഷൻ ഇനിയും വികസിക്കും: പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജറും സംഘവും സന്ദർശനത്തിനെത്തി

നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദിയുടെ നേതൃത്വത്തിലുള്ള സംഘം നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾക്ക് പൂർണമായും മേൽക്കൂര പണിയും. തുടർന്ന് സി സി ടി വി യുടെ പ്രവർത്തനം ആരംഭിക്കും. കിഴക്കുഭാഗത്ത് നിലവിലുള്ള പാർക്കിംഗ് സംവിധാനത്തിന് പുറമേ, കൂടുതൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പറ്റുമോ എന്ന കാര്യവും പരിശോധിക്കും. ഒന്നാം പ്ലാറ്റ്ഫോമിന്റെ നീളവും വീതിയും കൂട്ടുന്ന പ്രവൃത്തി താമസിയാതെ ആരംഭിക്കും. നീലേശ്വരം റെയിൽവേ സ്റ്റേഷന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഡിവിഷണൽ റെയിൽവേ മാനേജറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. നീലേശ്വരം റെയിൽവേ ഡെവലപ്മെന്റ് കലക്ടീവിന്റെ ( എൻ ആർ ഡി സി ) നേതൃത്വത്തിൽ ഡിവിഷണൽ മാനേജറെയും സംഘത്തെയും സ്വീകരിച്ചു. എൻ ആർ ഡി സി മുഖ്യ രക്ഷാധികാരി പി മനോജ് കുമാർ, ഡോക്ടർ വി സുരേശൻ, പ്രസിഡന്റ്‌ എൻ സദാശിവൻ, സെക്രട്ടറി എം വിനീത്, ട്രഷറർ സി എം സുരേഷ് കുമാർ, പി യു ചന്ദ്രശേഖരൻ, ബാബുരാജ് കൗസല്യ, പി ടി രാജേഷ്, എം ബാലകൃഷ്ണൻ, കെ വി മനോജ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. സീനിയർ ഡിവിഷണൽ കമേഴ്സ്യൽ മാനേജർ അരുൺതോമസ്, സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ ബാലമുരളി, ഡിവിഷണൽ സിഗ്നൽ ആൻഡ് ടെലി കമ്മ്യൂണികേഷൻസ് എൻജിനീയർ എൽദോസ്, സീനിയർ ഡിവിഷണൽ എൻജിനീയർ അഭിജിത്ത് വർമ്മ എന്നിവരും ഡിവിഷണൽ റെയിൽവേ മാനേജരുടെ സംഘത്തിൽ ഉണ്ടായിരുന്നു.

No comments