ടി.കെ.കെ ഫൗണ്ടേഷൻ പുരസ്കാരം പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിലെ കെ എസ് ജയമോഹനന്
മാധ്യമ പ്രവർത്തകനും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നിറന്നാന്നിധ്യവുമായിരുന്ന ടി.കെ.കെ.നായരുടെ സ്മരണയ്ക്കായി കാഞ്ഞങ്ങാട്ടെ ടി.കെ.കെ. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 18-ാമത് പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ കെ.എസ്.ജയമോഹനന്.
പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപക മാനേജിങ് ട്രസ്റ്റിയാണ് ഇദ്ദേഹം. ഓഗസ്റ്റ് രണ്ടാം വാരം കാഞ്ഞങ്ങാട്ട് നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടത്തുമെന്ന് ടി.കെ.കെ. ഫൗണ്ടേഷൻ ചെയർമാൻ കെ.വേണുഗോപാലൻ നമ്പ്യാർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം, സെക്രട്ടറി ടി.കെ.നാരായണൻ എന്നിവർ കാഞ്ഞങ്ങാട് പ്രസ്ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1969 ഡിസംബറിൽ അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായ ജയമോഹൻ 10 വർഷത്തിനിടെ 28 ശസ്ത്രക്രിയകൾക്ക് വിധേയനായ വ്യക്തിയാണ്. നെടുനാളത്തെ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് എൽഐസിയിൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. 14 വർഷത്തെ സർവീസ് ബാക്കിയിരിക്കെ നിരാലംബരെ സഹായിക്കാനും അവരുടെ ചികിത്സയ്ക്കും ഉന്നമനത്തിനുമായി ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ചു. നിലവിൽ ചെറുപ്രായത്തിലുള്ളവർ മുതൽ പ്രായമുള്ളവർ നൂറ്റിയൻപതോളം അന്തേവാസികൾ ഇവിടെയുണ്ട്. കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയും ഹോപ്പിന്റെ സ്ഥാപകരിലൊരാളുമായ ബി.ടി.റാണിയാണ് ഭാര്യ. മക്കൾ: ആദർശ്.ആർ. ജയൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ), നിധി.ആർ. കമല (ഫാഷൻ ഡിസൈനർ). സ്വാതന്ത്ര്യ സമര സേനാനി കെ.മാധവൻ, രാജ്യസഭാംഗമായിരുന്ന അഡ്വ.ഹമീദലി ഷംനാട്, കൃഷി ശാസ്ത്രജ്ഞൻ ഡോ.കെ.പി.പ്രഭാകരൻ നായർ, വിശ്രുത ശിൽപി കാനായി കുഞ്ഞിരാമൻ, ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ എംഎൽഎ, എം.കുഞ്ഞിരാമൻ നമ്പ്യാർ, കെ.സി. ഭാസ്കരൻ മാസ്റ്റർ, എച്ച്. ശ്രീധര കമ്മത്ത്, ഡോ.പി.വി.കൃഷ്ണൻ നായർ, പ്രൊഫ.എം.എ.റഹ്മാൻ, ചിത്രകാരൻ പി.എസ്. പുണിഞ്ചിത്തായ, ഡോ.എ.എം.ശ്രീധരൻ, സി. യൂസഫ് ഹാജി, എ.കെ.നാരായണൻ, സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരാണ് നേരത്തെ ടി.കെ.കെ. ഫൗണ്ടേഷന്റെ അവാർഡുകൾ നേടിയിട്ടുള്ളത്.
No comments