അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിത നായരെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കിൽ കമന്റിട്ട ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ വ്യാപക പ്രതിഷേധം: പിന്നാലെ നടപടി
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റും കമന്റുമിട്ട ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
പിന്നാലെ നടപടിയുമുണ്ടായി. പവി ആനന്ദാശ്രമം എന്ന പേരിലുള്ള സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഇയാൾ പോസ്റ്റും ഇതിനു തന്നെ കമന്റുമിട്ടത്. പവിത്രനെ ഉടൻ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യും. ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇത് രണ്ടാം തവണയാണ് ഇയാൾ സസ്‌പെൻഡ് ചെയ്യപ്പെടുന്നത്. വിശദമായ പത്രക്കുറിപ്പ് പിന്നാലെയുണ്ടാകുമെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. വിമാനാപകടത്തെക്കുറിച്ച് ഇയാൾ തന്നെയെഴുതിയ വിവാദ പോസ്റ്റിനിട്ട കമന്റിൽ നായർ സമുദായത്തെയും നായർ സ്ത്രീകളെയും സമുദായപ്പേര് എടുത്തു പറഞ്ഞാണ് തരംതാണ ഭാഷയിൽ അധിക്ഷേപിച്ചത്. ഓട്ടോഡ്രൈവർമാരെ അധിക്ഷേപിച്ചും തൊഴിൽതേടി വിദേശത്ത് പോകുന്ന സ്ത്രീകൾക്കെതിരെയും ഇയാൾ നേരത്തെ പോസ്റ്റ് ഇട്ടിരുന്നു. മുൻ മന്ത്രിയും കാഞ്ഞങ്ങാട് എം എൽ എയുമായ ഇ ചന്ദ്രശേഖരനെതിരായ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിലാണ് നേരത്തെ സസ്‌പെൻഷനിലായത്. വിമാനാപകടത്തെ തുടർന്നുള്ള പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വരുന്നതിനിടെയാണ് രണ്ടാമതും നടപടി വന്നത്.
No comments