Breaking News

ദേശീയപാതയിലെ മണ്ണിടിച്ചിൽസംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം: സിപിഐ എം

ദേശീയപാതയിൽ ജനജീവിതത്തിന് ഭീഷണിയാവുന്ന മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന് സിപിഐ എം. ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ഫോൺ മുഖാന്തിരമാണ് സത്വര നടപടികൾ അഭ്യർഥിച്ചത്. നിർമാണ പ്രവൃത്തി നടക്കുന്ന ദേശീയപാത 66ൽ ചട്ടഞ്ചാൽ ബേവിഞ്ചയിൽ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയോട് ഇക്കാര്യം അഭ്യർഥിച്ചത്. കലക്ടറുമായി സ്ഥിതിഗതികൾ ചർച്ചചെയ്ത ശേഷമാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടത്.
 നേരത്തെ മട്ടലായി, വീരമലക്കുന്ന് പരിസരങ്ങളിലുണ്ടായ മണ്ണിടിച്ചിലാണ്‌ ഇവിടെയും ആവർത്തിച്ചത്. ദേശീയപാതക്കിരുവശവും താമസിക്കുന്നവരുടെയും യാത്രക്കാരുടെയും സുരക്ഷയിൽ ആശങ്കയുണ്ട്. റോഡിലെ വിള്ളൽ, വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടില്ല. അനധികൃതമായ മണ്ണെടുപ്പും സുരക്ഷ ഉറപ്പാക്കാതെയുള്ള അശാസ്ത്രീയ നിർമിതിയിലും ആശങ്കയുണ്ട്. സാഹചര്യങ്ങൾ വിദഗ്‌ദർ വിലയിരുത്തി അടിയന്തിര നടപടികൾ വേണമെന്ന് ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ദേശീയപാത അതോറിറ്റിയുമായും പൊതുമരാമത്ത് വകുപ്പുമായും കൂടിയാലോചിച്ച് വേഗത്തിലുള്ള ഇടപെടൽ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

No comments