Breaking News

ചെന്നൈ മെയിലിനും പുതിയ തീവണ്ടികൾക്കും നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണം: ജനകീയ കൂട്ടായ്മ

12601/12602 എം.ജി.ആർ. ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ - എം.ജി.ആർ. ചെന്നൈ സെൻട്രൽ മെയിൽ, 16355/16356 കൊച്ചുവേളി- മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്സ്, 16621/16622 രാമേശ്വരം - മംഗളൂരു സെൻട്രൽ വീക്കിലി എക്പ്രസ്സ്, റെയിൽവെ പുതിയതായി അനുവദിക്കുമെന്ന് പ്രഖ്യാപിച്ച കോയമ്പത്തൂർ - മംഗളൂരു- കോയമ്പത്തൂർ ഇൻ്റർസിറ്റി എക്സ്പ്രസ്സിനും, വന്ദേ ഭാരത് എക്സ്പ്രസ്സിനും രാമേശ്വരം എക്സ്പ്രസ്സിനും നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. വരുമാനത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനത്തുള്ള നീലേശ്വരത്ത്
11097/11098 പൂന -എറണാകുളം ജംഗ്ഷൻ - പൂന പൂർണ്ണ എക്സ്പ്രസ്സ്, 16337/16338 ഓഖ - എറണാകുളം ജംഗ്ഷൻ - ഓഖ എക്സ്പ്രസ്സ് ഉൾപ്പടെയുള്ള ദീർഘദൂര തീവണ്ടികൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
 പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ നീലേശ്വരത്തെ വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ ഭാരവാഹികൾ ഒപ്പിട്ട നിവേദനം സമർപ്പിക്കും. തുടർന്ന് റെയിൽവെ അധികൃതർക്കും കേന്ദ്ര റെയിൽവെ മന്ത്രിക്കും നൂറു സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ഇ-മെയിൽ അയക്കും. 
  നീലേശ്വരം റെയിൽവെ സ്റ്റേഷൻ്റെ വികസനത്തിന് വേണ്ടി ക്രിയാത്മകമായി ഇടപെട്ട് റെയിൽവെയുടെ യോഗങ്ങളിലും ഇന്ത്യൻ പാർലമെൻ്റിലും വികസന കാര്യങ്ങൾ ഉന്നയിച്ച കാസർഗോഡ് എം.പി.രാജ്മോഹൻ ഉണ്ണിത്താനെയും അനുകൂല സമീപനം സ്വീകരിക്കുന്ന കേന്ദ്ര ഭരണകൂടത്തിനെയും റെയിൽവെ അധികൃതരെയും യോഗം അഭിനന്ദിച്ചു. യോഗത്തിൽ പ്രസിഡണ്ട് ഡോ.നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.സുനിൽരാജ് സ്വാഗതവും ഗോപിനാഥൻ മുതിരക്കാൽ നന്ദിയും പറഞ്ഞു. ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സി.കെ.അബ്ദുൾ സലാം, പത്മനാഭൻ മാങ്കുളം, പി.കെ.ബാലൻ മാസ്റ്റർ, എ.വി.പത്മനാഭൻ, കെ.വി.പ്രിയേഷ്കുമാർ എന്നിവർ സംസാരിച്ചു. 2016-ൽ രൂപീകൃതമായ നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരവധി സമരപരിപാടികൾ നടത്തിയതിൻ്റെ ഭാഗമായി ജനപ്രതിനിധികളുടെയും റെയിൽവെ അധികൃതരുടെയും ഇടപെടലിലൂടെ ഏഴ് ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ് നേടിയെടുക്കാനും അതിലൂടെ വർധിച്ച വരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്ലാറ്റ്ഫോം നീളം കൂട്ടൽ, ലിഫ്റ്റ്, സി.സി.ടി.വി ക്യാമറ സംവിധാനം, അനൗൺസ്മെൻ്റ് സിസ്റ്റം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം നീലേശ്വരം സ്റ്റേഷന് സാധ്യമായത്.

No comments