ദേശീയപാത വികസനം പരിസ്ഥിതി ഓഡിറ്റിംഗ് നടത്തും: ജില്ലാ പരിസ്ഥിതി സമിതി
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ കുന്നുകൾ ഖനനം ചെയ്തതും ജൈവവൈവിധ്യ ശോഷണവും മൂലം ഉണ്ടായ നാശത്തെക്കുറിച്ച് പരിസ്ഥിതി ഓഡിറ്റിംഗ് നടത്തുവാൻ ജില്ലാ പരിസ്ഥിതി സമിതി ജനറൽ ബോഡി യോഗം തീരുമാനിച്ചു.
തീരപ്രദേശത്തിന് സമാന്തരമായി ഉയർന്ന താഴ്ന്നു നിൽക്കുന്ന ഭൂപ്രദേശ കുന്നുകളിലൂടെയാണ് നിലവിലുള്ള ദേശീയപാത കടന്നു പോകുന്നത്. വർഷത്തിൽ 3000 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഈ മേഖല. വളരെയധികം ജലം സംഭരിച്ചു വെക്കുന്ന ഈ കുന്നുകൾ സമീപപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ കൂടിയാണ്. മുകൾ ഭാഗം ഉറപ്പുള്ള മേൽപ്പാറകൾ ആണെങ്കിലും അകം പൊള്ളയായ അതിലോലമായ ആവാസ വ്യവസ്ഥകളാണ് ഹൈവേ കടന്നുപോകുന്ന ഇടനാടൻ കുന്നുകൾ. ഇവയ്ക്ക് ഏൽക്കുന്ന ചെറിയ ആഘാതങ്ങൾ പോലും വലിയ പരിസ്ഥിതിക ദുരന്തങ്ങൾക്ക് കാരണമാവും. തികച്ചും അശാസ്ത്രീയമായ ഹൈവേ വികസനം ഭാവിയിൽ വലിയ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് കാരണമായേക്കാം എന്ന ആശങ്ക ജില്ലാ പരിസ്ഥിതി സമിതി പങ്കുവെച്ചു.
ഖനനം ചെയ്യുമ്പോൾ എടുക്കേണ്ട മുൻ കരുതലുകൾ പോലും പാലിക്കാതെ ദേശീയപാതയ്ക്ക് വേണ്ടി കുന്ന് ഇടിച്ചപ്പോൾ നിയമം പാലിക്കാനും സംരക്ഷിക്കാനും ഉത്തരവാദപ്പെട്ട ജിയോളജി, ദുരന്തനിവാരണ വകുപ്പുകൾ തികഞ്ഞ നിസ്സംഗത പാലിക്കുകയും നിയമവിരുദ്ധ നടപടികൾക്ക് മൗനാനുവാദം നൽകുകയുമാണ് ഉണ്ടായത്. ഒരു തൊഴിലാളിയുടെ ജീവൻ പോലും നഷ്ടമാകുന്ന തരത്തിലേക്ക് ഉദ്യോഗസ്ഥരുടെ അലംഭാവം കാരണമായി.
വി കെ വിനയൻ റിപ്പോർട്ടവതരിപ്പിച്ചു. ടി വി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പുല്ലൂർ കൄഷ്ണൻ ,പിവി സുധീർകുമാർ, സുരേഷ് കൊഴുന്തിൽ അഡ്വ പീതാംബരൻ, എം ഗോപാലൻമാസ്റ്റർ, മനോജ് ഞാണിക്കടവ് എന്നിവർ സംസാരിച്ചു
No comments